തദ്ദേശീയമായി നിർമ്മിച്ച വന്ദേ ഭാരത് ട്രെയിനിൽ ലോകോത്തര സൗകര്യങ്ങളും കവച് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നുവെന്ന് റെയിൽവേ അറിയിച്ചു. വന്ദേഭാരതിന് 360 ഡിഗ്രി തിരിയുന്ന ഇരിപ്പിടങ്ങൾ, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകൾ തുടങ്ങിയ പ്രത്യേകതകളുമുണ്ട്. പ്രകൃതി രമണീയമായ നാഗർകോവിലിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന ആദ്യ വന്ദേ ഭാരത് എന്ന നിലയിൽ ചെന്നൈ എഗ്മോർ – നാഗർകോവിൽ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് ദക്ഷിണ റെയിൽവേ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
തമിഴ്‌നാടിന് അനുവദിച്ച വന്ദേഭാരത് 726 കിലോമീറ്റർ സഞ്ചരിക്കും, കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, വിരുദുനഗർ, മധുരൈ, ഡിണ്ടിഗൽ, ട്രിച്ചി, പെരമ്പലൂർ, കടലൂർ, വില്ലുപുരം, ചെങ്കൽപട്ട്, ചെന്നൈ എന്നീ 12 ജില്ലകളിലെ യാത്രക്കാർക്ക് ആധുനികവും വേഗതയേറിയതുമായ ട്രെയിൻ യാത്രാനുഭവം നൽകും. തിരുച്ചിറപ്പള്ളി വഴി മധുരയെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് ട്രെയിനാണ് മധുര – ബെംഗളൂരു എക്സ്പ്രസ്. ബിസിനസുകാർക്കും വിദ്യാർത്ഥികൾക്കും മറ്റ് ജോലിക്കാർക്കും തമിഴ്‌നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ ഈ ട്രെയിൻ സഹായകരമാകും. മീററ്റിനെ ലഖ്‌നൗവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരതും കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.