രണ്ടരക്കോടി രൂപ ലൈഫ് പരിരക്ഷയുള്ള ജീവൻ ഉമംഗ് പോളിസിയാണ് 2020 ജനുവരി മൂന്നിന് 20,72,565 രൂപ പോളിസി നിക്ഷേപം ആയി നൽകി ജീമോന്റെ പേരിൽ എടുത്തത്. എൽ ഐ സി ആവശ്യപ്പെട്ട വൈദ്യപരിശോധനയ്ക്കും ജീമോൻ വിധേയനായി. തുടർന്ന് പോളിസി ലഭിക്കാനുള്ള അപേക്ഷ നൽകി ലണ്ടനിലേക്ക് പോയി. എന്നാൽ കൊവിഡ് വ്യാപിച്ചതോടെ പ്രവാസികൾക്ക് ലൈഫ് ഇൻഷുറൻസ് പോളിസി അനുവദിക്കുന്നത് എൽ ഐ സി. താൽക്കാലികമായി നിർത്തി.
ഇതിനിടെ ലണ്ടനിൽവെച്ച് കൊവിഡ് ബാധിച്ച് ജീമോൻ മരിച്ചു. തുടർന്ന് അവകാശികൾ ഇൻഷുറൻസ് തുക ആവശ്യപ്പെട്ടപ്പോൾ നിയമപരമായ ഇൻഷുറൻസ് കരാർ നിലവിലില്ലെന്നു ചൂണ്ടിക്കാട്ടി എൽ ഐ സി. പരിരക്ഷ നിഷേധിച്ചു. അതേസമയം പ്രീമിയം തുകയായ 20,72,565/ രൂപ 2021 ജനുവരിയിൽ തിരികെ നൽകി. ഇതിനെതിരേയുള്ള പരാതി സ്വീകരിച്ച ഉപഭോക്തൃ കമ്മിഷൻ വിശദമായ തെളിവെടുപ്പു നടത്തി. നിയമപരമായ ഇൻഷുറൻസ് കരാർ നിലവിലില്ലാത്തതിനാൽ രണ്ടരക്കോടിയുടെ പരിരക്ഷയ്ക്ക് അവകാശികൾ അർഹരല്ല എന്നു കമ്മിഷൻ കണ്ടെത്തി.
അതേസമയം പോളിസി അപേക്ഷകൾ 15 ദിവസത്തിനകം പ്രോസസ് ചെയ്ത് തീരുമാനം അപേക്ഷകനെ അറിയിക്കണമെന്ന വ്യവസ്ഥ എൽ ഐ സി ലംഘിച്ചെന്നും കമ്മിഷൻ കണ്ടെത്തി. 2020 ജനുവരി മൂന്നിന് 20,72,565 രൂപ പോളിസി നിക്ഷേപമായി കൈപ്പറ്റിയിട്ടും 2020 സെപ്റ്റംബർ വരെ പോളിസി അംഗീകരിച്ചതായോ നിരസിച്ചതായോ അവകാശികളെ അറിയിക്കാതിരുന്നതും പ്രീമിയം തുകയായ 20,72,565/- രൂപ 2021 ജനുവരി വരെ അവകാശികൾക്കു തിരികെ നൽകാതിരുന്നതും ഗുരുതര സേവന വീഴ്ചയാണ്.
കൊവിഡ് കാരണം പ്രവാസികൾക്കു എൽ ഐ സിയുടെ ലൈഫ് ഇൻഷുറൻസ് പോളിസി നിഷേധിച്ചതു ജീമോനെ മരണത്തിനു മുമ്പേ അറിയിക്കാതിരുന്നതുവഴി മറ്റു കമ്പനികളുടെ പോളിസി എടുക്കാനുള്ള അവസരം നിഷേധിച്ചതും ഗുരുതരമായ സേവന വീഴ്ചയാണെന്നും കമ്മിഷൻ വിലയിരുത്തി. ഇക്കാര്യങ്ങൾ പരിഗണിച്ച അഡ്വ. വിഎസ് മനൂലാൽ പ്രസിഡന്റും അഡ്വ. ആർ ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായിട്ടുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ജീമോന്റെ ഭാര്യയ്ക്കും മക്കൾക്കും 50 ലക്ഷം രൂപ 9% പലിശ സഹിതം ഒരു മാസത്തിനുള്ളിൽ തിരികെ നൽകണമെന്നും അല്ലാത്തപക്ഷം 12 ശതമാനം പലിശയും, പിഴയും, 10,000 രൂപ കോടതി ചിലവും സഹിതം നൽകണമെന്നും ഉത്തരവിട്ടു.