23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • വളവുതിരിഞ്ഞപ്പോള്‍ മുന്നില്‍ കാട്ടാന, ബൈക്ക് മറിഞ്ഞ് വീണു; അജേഷ് എന്ന പൊലീസുകാരന് ഇത് ‘രണ്ടാം ജന്മം’
Uncategorized

വളവുതിരിഞ്ഞപ്പോള്‍ മുന്നില്‍ കാട്ടാന, ബൈക്ക് മറിഞ്ഞ് വീണു; അജേഷ് എന്ന പൊലീസുകാരന് ഇത് ‘രണ്ടാം ജന്മം’


പുല്‍പ്പള്ളി: വയനാട്ടില്‍ വന്യമൃഗഭീഷണി ഏറെയുള്ള പ്രദേശങ്ങളാണ് പുല്‍പ്പള്ളി പാക്കം, കുറുവ ദ്വീപ്, ചേകാടി, വെളുകൊല്ലി എന്നിവ. പകല്‍സമയങ്ങളില്‍ പോലും ആനയെയും മറ്റു വന്യമൃഗങ്ങളെയും പേടിച്ച് മാത്രമെ ഇവിടങ്ങളില്‍ വനത്തോട് ചേര്‍ന്ന് കിടക്കുന്ന റോഡുകളിലൂടെയുള്ള യാത്ര സാധ്യമാകൂ. കഴിഞ്ഞ ദിവസം പാക്കം – കുറുവ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പോലീസുകാരന്‍ കാട്ടാനയുടെ മുമ്പില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇരുചക്രവാഹനം മറിഞ്ഞ് വീണ് കാലിനും കൈക്കും പരിക്കേറ്റതൊഴിച്ചാല്‍ മരണം മുന്നില്‍ കണ്ട് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് പനമരം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ വെളുകൊല്ലി ഊരിലെ സി ആര്‍ അജേഷ് (27).

കുറുവ ചെറിയമല സ്വദേശിയായ അജേഷ് വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ ഭാര്യയുടെ വീട്ടില്‍ നിന്ന് ജോലിക്കായി സ്റ്റേഷനിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു സംഭവം. വെളുകൊല്ലിയില്‍നിന്നും പാക്കം – കുറുവ റോഡിലൂടെ വരുന്നതിനിടെ വളവില്‍ കാട്ടാന നിലയുറപ്പിച്ചത് പൊടുന്നനെയാണ് കണ്ടത്. ആനക്ക് തൊട്ടടുത്തെത്തിയ അജേഷിന് പ്രാണ ഭയത്താല്‍ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. ആനയുടെ മുന്നിലേക്കായിരുന്നു ബൈക്ക് മറിഞ്ഞുവീണത്. പിന്നെ സംഭവിച്ചത് അജേഷിന് ഓര്‍ക്കാന്‍ തന്നെ ഭയമാകുന്ന രക്ഷപ്പെടലായിരുന്നു.

മുന്‍കാലിനാലോ തുമ്പിക്കൈ കൊണ്ടോ കൊമ്പന്‍ ആക്രമിക്കുമെന്നുറപ്പിച്ച ആ നിമിഷം ധൈര്യം വീണ്ടെടുത്ത് പിടഞ്ഞെഴുന്നേറ്റ അജേഷ് തിരിച്ച് വെളുകൊല്ലി ഭാഗത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ബൈക്ക് മറിഞ്ഞപ്പോള്‍ കാലിനും കൈയ്ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് അന്ന് തന്നെ പുല്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. പാക്കം – കുറവ – ചേകാടി റൂട്ടില്‍ വന്യമൃഗ ശല്യം രൂക്ഷമാണെങ്കിലും ഇതുപോലെയൊരു സംഭവം ജീവിതത്തില്‍ ആദ്യമാണെന്ന് അജേഷ് പറഞ്ഞു.

റോഡരികില്‍ കാട് വളര്‍ന്നു നില്‍ക്കുന്നതിനാല്‍ വന്യമൃഗങ്ങള്‍ റോഡിലിറങ്ങിയാല്‍ തൊട്ടടുത്തെത്തിയാല്‍ മാത്രമാണ് കാണാനാകുകയെന്ന് അജേഷ് കൂട്ടിച്ചേര്‍ത്തു. മുമ്പ് ഇതേ സ്ഥലത്ത് വെച്ച് റോഡില്‍ പ്രകോപിതനായ രീതിയില്‍ ആനയെ കണ്ടിരുന്നെങ്കിലും അന്ന് കാട് വെട്ടി തെളിച്ചിരുന്നതിനാല്‍ തെല്ല് ദൂരെ നിന്ന് തന്നെ ആനയെ കണ്ടതിനാല്‍ വാഹനം തിരിച്ച് രക്ഷപ്പെടാന്‍ കഴിഞ്ഞു. ഇത്തവണ ആന ശാന്തനായിരുന്നത് കൊണ്ടാണ് താന്‍ അടുത്തെത്തിയിട്ടും ആക്രമിക്കാതിരുന്നത്. ബൈക്കില്‍ നിന്ന് വീണപ്പോള്‍ ചവിട്ടുമെന്ന ഭയമുണ്ടായിരുന്നു. എന്നാല്‍ ആന ശാന്തനാണെന്ന് കണ്ട മാത്രയിലാണ് എഴുന്നേറ്റ് ഓടാനായതെന്ന് അജേഷ് വിശദീകരിച്ചു.

Related posts

ഒമ്പത് മാസംപ്രായമുള്ള മുഴക്കുന്ന് സ്വദേശി അഗ്നികയുടെ ഏകാംഗ ചിത്ര പ്രദർശനം തലശ്ശേരി കേരള ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ*

Aswathi Kottiyoor

ലൈംഗികദൃശ്യം കാണിച്ച് ഭീഷണി, പണം തട്ടൽ; പൊലീസിൽ പരാതിപ്പെടാൻ വാട്ട്സ്ആപ്പ് നമ്പർ, ചെയ്യേണ്ടത് ഇങ്ങനെ…

Aswathi Kottiyoor

ഉംറക്കെത്തിയ മലയാളി തീർത്ഥാടക മദീനയിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox