തിരുവനന്തപുരം: സ്വകാര്യ ബസിന്‍റെ ചവിട്ടുപടിയിൽ നിന്നും തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാഴമുട്ടം കുന്നുംപാറ സ്വദേശി സുബിൻ കുമാർ (34) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ 26 നാണ് അപകടം നടന്നത്. നഗരത്തിലെ സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയിലെ ഡ്രൈവറായ സുബിൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. കിഴക്കേകോട്ടയിൽ നിന്നും തിരുവല്ലം ഭാഗത്തേക്കുളള യാത്രക്കിടയിൽ പരവൻകുന്നിന് സമീപത്തു വെച്ച് ബസിൽ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. രാത്രി 7.30നായിരുന്നു സംഭവം.
സാരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെയോടെ മരിച്ചു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ മുട്ടത്തറ മോക്ഷ കവാടത്തിൽ സംസ്കരിക്കും. സുധാകര മന്ദിരത്തിൽ സുഗതന്‍റെയും പരേതയായ സുധയുടെയും മകനാണ്. ഭാര്യ- വൃന്ദ. മകൻ – കാശിനാഥൻ.