പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ നടപടിയെടുത്താൽ അത് കോൺഗ്രസിന് തിരിച്ചടിക്കുള്ള ആയുധമാകുമെന്നായിരുന്നു സി.പി.എമ്മിന്റെ ആദ്യ നിലപാട്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയത്തിൽ നടപടി വൈകുന്നതിലുള്ള സി.പി.ഐയുടെ അതൃപ്തി ഉയർത്തി എം.വി ഗോവിന്ദനാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഇ.പി ജയരാജൻ രാജി സന്നദ്ധത അറിയിച്ചു.എന്നാൽ നടപടി നേരത്തെ വേണമെന്ന വി.എൻ വാസവന്റെ അഭിപ്രായം ഇ.പി ജയരാജനെ ക്ഷുഭിതനാക്കി.പിന്നാലെ ചിന്ത ഫ്ലാറ്റിലെ മുറിയൊഴിഞ്ഞു. ഇന്ന് രാവിലെ എയർ ഇന്ത്യ എക്സ്പ്രസിൽ ഇ.പി ജയരാജൻ കണ്ണൂരിലേക്ക് മടങ്ങി.പാർട്ടിക്കുള്ളിൽ ഉയർന്ന രൂക്ഷമായവിമർശനങ്ങൾക്ക് ഒടുവിലാണ് ഇ.പി ജയരാജന് സ്ഥാനം തെറിച്ചത്. സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻ്റ് ടി.പി രാമകൃഷ്ണന് പകരം ചുമതല നൽകിയിട്ടുണ്ട്.
പ്രകാശ് ജാവഡേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാർട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തിൽ ഇ.പിയുടെ വിശദീകരണം. കണ്ണൂരിലെത്തിയ ജയരാജൻ ഒറ്റ വാക്കിൽ മാധ്യമങ്ങളോട് മറുപടി ഒതുക്കി. സംസ്ഥാന കമ്മിറ്റിക്ക് ശേഷം വൈകിട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടു തീരുമാനം അറിയിക്കും. നാളെ മുതൽ ബ്രാഞ്ച് സമ്മേളനം തുടങ്ങുകയാണ്. അതിനു മുൻപേ നടപടിയെടുത്തു താഴേ തട്ടിലുള്ള വിമർശനം ഒഴിവാക്കുക കൂടി സി.പി.എം ലക്ഷ്യമിടുന്നത്.
അതേസമയം പാർട്ടി പറഞ്ഞാൽ ഏത് സ്ഥാനവും ഏറ്റെടുക്കുമെന്ന് ടി. പി രാമകൃഷ്ണൻ പറഞ്ഞു. ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.