ആഷിഖ് അബു ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്ന് രാജി വെച്ചതായി മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. സിബി മലയിൽ ആഷിഖ് അബുവിൽ നിന്ന് 20% കമ്മീഷൻ ആവശ്യപ്പെട്ടു എന്നത് വ്യാജ ആരോപണമാണ്. 2018 ൽ ആരോപണത്തെ തെളിവ് നിരത്തി സംഘടന അന്നേ നിർവ്വീര്യമാക്കിയതാണെന്നും ഫെഫ്ക പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. 2018 ൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടും ആഷിഖ് അബു ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഫെഫ്ക ആരോപിച്ചു.
സംഘടനയുമായുള്ള ആഷിഖ് അബുവിന്റെ വിയോജിപ്പ് ആശയപരമല്ല, തികച്ചും വ്യക്തിപരമായ എതോ ലക്ഷ്യത്തോടെയുള്ളതെന്നും ഫെഫ്ക കൂട്ടിച്ചേർത്തു.
അതേസമയം വെള്ളിയാഴ്ചയാണ് ആഷിഖ് അബു രാജി സംബന്ധിച്ച കത്ത് ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണന് കൈമാറിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഫെഫ്കയിൽ നിന്നുള്ള ആദ്യ രാജിയാണിത്. നിലപാടിന്റെ കാര്യത്തിൽ കാപട്യം പുലർത്തുന്ന നേതൃത്വത്തോടുള്ള അതിശക്തമായ വിയോജിപ്പും പ്രതിഷേധവുമാണ് രാജിക്ക് പിന്നിലെന്ന് ആഷിഖ് അബു രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഫെഫ്കയുടെ മൗനവും പഠിച്ചു പറയാം, വൈകാരിക പ്രതികരണങ്ങൾ എല്ല വേണ്ടത് എന്ന നിർദേശം പോലുള്ളവ തന്നെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.