ഏതാനും മാസങ്ങള്‍ക്ക് മുൻപ് മരിച്ച പിതാവിന്‍റെ അടുത്തേക്ക് പോകുന്നു എന്ന് ആത്മഹത്യക്കുറിപ്പ് എഴുതി വെച്ചായിരുന്നു ആസിയ ജീവനൊടുക്കിയത്. ആസിയ സ്വന്തം കൈപ്പടയിൽ എഴുതിയ ആത്മഹത്യാ കുറിപ്പും, സമാന രീതിയിൽ സമൂഹ മാധ്യമത്തിൽ പങ്കുവച്ച സ്റ്റോറി വിഡിയോയും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഉന്നത വിദ്യാഭ്യാസമുള്ള ആസിയ ജീവനൊടുക്കില്ലെന്നാണ് കുടുംബം പറയുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
സംഭവ ദിവസം 7.40 വരെ ആസിയ തന്നോട് സംസാരിച്ചിരുന്നുവെന്ന് ആസിയയുടെ ഉമ്മ സലീന പറഞ്ഞു. പിന്നീട് എന്ത് സംഭവിച്ചു എന്നറിയില്ല. ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തെന്ന വിവരമാണ് പിന്നീട് കേൾക്കുന്നതെന്ന് സലീന പറയുന്നു. പഠിപ്പുള്ള കുട്ടിയാണ്, ജീവനൊടുക്കുമെന്ന് കരുതുന്നില്ലെന്നാണ് മാതാവ് പറയുന്നത്. അതേസമയം ആസിയയുടെ മരണത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത ആലപ്പുഴ സൗത്ത് പൊലീസ് ഭർത്താവ് മുനീറിന്‍റെ ഉൾപ്പടെ മൊഴി രേഖപ്പെടുത്തി. പിതാവിന്‍റെ മരണശേഷം പെൺകുട്ടി അതീവ ദുഃഖിതയായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. ആസിയയുടെ ശരീരത്തിൽ മർദനമേറ്റതോ മറ്റു പാടുകളോ ഇല്ലെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ മൊഴി.