രണ്ടു ദിവസം മുമ്പാണ് 60 കഴിഞ്ഞ താത്കാലിക ശുചീകരണ തൊഴിലാളികളെ പിരിച്ചു വിട്ടതായി മലമ്പുഴ ഇറിഗേഷൻ അധികൃതർ നോട്ടീസ് പതിച്ചത്. യാതൊരു ആനുകൂല്യങ്ങളും ഇല്ലാതെയാണ് പിരിച്ചുവിടൽ. 60 വയസ് കഴിഞ്ഞ 96 സ്ത്രീ തൊഴിലാളികളെയാണ് ഇത്തരത്തില്‍ യാതൊരു അറിയിപ്പുമില്ലാതെ പിരിച്ചുവിട്ടുകൊണ്ട് നോട്ടീസിറക്കിയത്. 60 വയസ് കഴിഞ്ഞവരെ മുഴുവനായും അറിയിപ്പില്ലാതെ പിരിച്ചുവിടുകയാണെന്നും ഇത്രയും കാലം ഇവിടെ പണിയെടുത്തിട്ട് ഇപ്പോള്‍ പിരിച്ചുവിട്ടാല്‍ എങ്ങനെ ജീവിക്കുമെന്നറിയില്ലെന്നും സ്ത്രീ തൊഴിലാളികള്‍ പറഞ്ഞു.
രണ്ടു മാസത്തില്‍ 13 പ്രവൃത്തി ദിനങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. ദിനം പ്രതി കിട്ടുന്ന 630 രൂപയായിരുന്നു ഏക ആശ്രയം. അതുകൊണ്ട് വീട് കഴിയുന്നത്. പണിയെടുത്ത് വീട്ടിലേക്ക് പോയശേഷമാണ് ഇക്കാര്യം അറിയുന്നത്. ജോലി തുടരാൻ അനുവദിക്കണമെന്നും ഞങ്ങള്‍ക്ക് ജീവിക്കണമെന്നും സ്ത്രീകള്‍ പറഞ്ഞു. പ്രായപരിധി കഴിഞ്ഞെങ്കില്‍ മാന്യമായ നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കാൻ തയ്യാറാകണമെന്നാണ് ആവശ്യം.60 വയസാണ് പ്രായപരിധിയെങ്കില്‍ ഇപ്പോള്‍ 65 വയസ് ആയവര്‍ വരെ ജോലി ചെയ്യുന്നുണ്ടെന്നും ഇത്രയധികം വര്‍ഷം കഴിഞ്ഞ് പെട്ടെന്നാണ് ഇത്തരമൊരു തീരുമാനമെന്ന ആരോപണവും ഉയരുന്നുണ്ട്. അടുത്ത ദിവസവും സമരം തുടരാനാണ് തീരുമാനം.ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉപജീവന മാർഗം നഷ്ടമായതിൻ്റെ അങ്കലാപ്പിലാണ് ഇവർ.