തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഹാജരാക്കാൻ ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷൻ. ആവശ്യം ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒരാഴ്ചക്കുള്ളിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. വളരെ സ്വാഗതാര്‍ഹമായ നീക്കമാണിതെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി പ്രതികരിച്ചു.
‘കേരളത്തിലെ സിനിമ മേഖലയുള്‍പ്പെടെയുള്ള അസംഘടിത മേഖലയിലെ ചൂഷണമനുഭവിക്കുന്ന, ആക്രമണത്തിന് വിധേയരാകുന്ന എല്ലാ സ്ത്രീകള്‍ക്കും അവരെ ആരാണ് ദ്രോഹിച്ചത്, അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ഒരവസരമായിട്ടാണ് ഞങ്ങളിതിനെ കാണുന്നത്. ഇതാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന വക്താവ് എന്ന നിലയില്‍ ഞങ്ങള്‍ പരാതി കൊടുത്തത്. എന്തായാലും ഒരാഴ്ചക്കകം ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.’
‘ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള നടപടികളല്ല. അല്ലാതെ തന്നെയുള്ള ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള കേസുകളും അറസ്റ്റുകളുമാണ് നടക്കുന്നത്. പോക്സോ അടക്കം, ഇതിനകത്തെ മസാല എലമെന്‍റ് മാറ്റിവെച്ചാല്‍ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയക്കടക്കം മലയാള സിനിമയില്‍ സ്വാധീനമുണ്ടെന്ന അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. അത് പൊതുസമൂഹത്തിന്‍റെ മുന്നിലേക്ക് വരേണ്ടതാണ്. എന്തിനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അത് പൂഴ്ത്തിവെച്ചിരിക്കുന്നതെന്നാണ് മനസിലാകാത്തത്.’ സന്ദീപ് വാചസ്പതി പ്രതികരിച്ചു.