ജയ്പൂരിലെ ഒരു ആഡംബര ഹോട്ടലിൽ നടന്ന വിവാഹ ചടങ്ങിനിടയിൽ 1.45 കോടി രൂപ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച പതിനാറുകാരൻ പിടിയിലായത് അടുത്തിടെ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പേരു കേട്ട മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങള്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. ഇപ്പോഴിതാ ദേശീയ ക്രൈം മാപ്പിൽ ഇടം നേടി ഈ ഗ്രാമങ്ങൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വ്യക്തികളെ പാർപ്പിച്ചിരിക്കുന്നതായി പറയപ്പെടുന്ന കാഡിയ സാൻസി, ഗുൽഖേഡി, ഹൽഖേഡി എന്നീ ഗ്രാമങ്ങളാണ് കുറ്റകൃത്യങ്ങളാൽ കുപ്രസിദ്ധയാർജിച്ച മൂന്ന് ഇന്ത്യൻ ഗ്രാമങ്ങൾ. ഈ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾക്കെതിരെ ഏകദേശം 1,000 -1,200 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പ്രദേശത്തെ പോലീസ് തന്നെ പറയുന്നു. ഏകദേശം 5,000 ജനസംഖ്യയുള്ള കാഡിയ സാൻസിയാണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രം.
കഡിയ സാൻസിയിൽ നിന്നുള്ള വ്യക്തികൾ മധ്യപ്രദേശിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് രാജ്ഗഡ് പോലീസ് സൂപ്രണ്ട് (എസ്പി) ആദിത്യ മിശ്ര പറയുന്നത്. ഓഗസ്റ്റ് എട്ടിന് ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന വിവാഹത്തിനിടെ 1.45 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗ് ഈ ഗ്രാമത്തില്‍ നിന്നുള്ള 14 വയസുകാരൻ മോഷ്ടിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. അതേസമയം, ഈ ഗ്രാമങ്ങളിൽ നിന്ന് സംശയിക്കുന്നവരെ പിടികൂടുന്നതിൽ പ്രാദേശിക അധികാരികൾ കാര്യമായ വെല്ലുവിളികൾ നേരിടുന്നതായി അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഓഗസ്റ്റ് 10 ന്, പ്രാദേശിക പോലീസിന്‍റെ സുരക്ഷയിൽ എത്തിയ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നുള്ള ഒരു പോലീസ് സംഘം, സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ ഗുൽഖേഡിയിൽ ആക്രമിക്കപ്പെട്ടിരുന്നതും ഏറെ വാര്‍ത്താ പ്രധാന്യം നേടി.
പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഇവിടെ ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമാണെന്നും പോലീസ് പറയുന്നു. ഇതിനിടെ ഈ ഗ്രാമങ്ങളില്‍ ‘മോഷണകല’ പഠിപ്പിക്കുന്ന സ്ഥലങ്ങളുണ്ടെന്ന് വാർത്തയും വ്യാപകമായി പ്രചരിച്ചു. എന്നാൽ, മറ്റു സ്ഥലങ്ങളിൽ നിന്നും ഈ ഗ്രാമങ്ങളിലേക്ക് ആളുകൾ മോഷണം പഠിക്കാൻ എത്തുന്നുണ്ടെന്ന ആരോപണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അത്തരം കാര്യങ്ങൾ ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എസ് പി ആദിത്യ മിശ്ര കൂട്ടിച്ചേര്‍ക്കുന്നു.