തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗ് നാളെ ഉച്ചയ്ക്ക് 12ന് ഹയാത്ത് റീജന്‍സിയില്‍ കെഎസിഎല്‍ ബ്രാന്‍ഡ് അംബസിഡറായ ചലച്ചിത്രതാരം മോഹന്‍ലാല്‍ നിര്‍വ്വഹിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കെസിഎല്‍ ചാംപ്യന്‍മാര്‍ക്കുള്ള ട്രോഫി കായിക വകുപ്പു മന്ത്രി വി അബ്ദുറഹിമാന്‍ അനാവരണം ചെയ്യും. ക്രിക്കറ്റ് ലീഗിനായി തയ്യാറാക്കിയ പ്രത്യേക ഗാനത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. ലീഗില്‍ പങ്കെടുക്കുന്ന ആറു ടീമുകളുടേയും ഫ്രാഞ്ചൈസി ഉടമകള്‍ക്ക് മോഹന്‍ലാല്‍ മെമന്റോ സമ്മാനിക്കും. ഓരോ ടീമുകളിലേയും കളിക്കാരേയും പരിചയപ്പെടുത്തും.
കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് അധ്യക്ഷത വഹിക്കും. സെക്രട്ടറി വിനോദ് എസ് കുമാര്‍, കേരള ക്രിക്കറ്റ് ലീഗ് ചെയര്‍മാന്‍ നാസര്‍ മച്ചാന്‍ എന്നിവര്‍ പങ്കെടുക്കും. പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനിടെ ആറു ടീമുകളുടേയും ക്യാപ്റ്റന്‍മാര്‍ സംഗമിച്ചു. ബേസില്‍ തമ്പി (കൊച്ചി ബ്ലൂടൈഗേഴ്‌സ്), മുഹമ്മദ് അസറുദ്ദീന്‍ (ആലപ്പി റിപ്പിള്‍സ്), സച്ചിന്‍ ബേബി (ഏരീസ് കൊല്ലം സെയ്ലേഴ്‌സ്), റോഹന്‍ എസ്. കുന്നുമ്മേല്‍ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്), വരുണ്‍ നായനാര്‍ (തൃശൂര്‍ ടൈറ്റന്‍സ്), അബ്ദുള്‍ ബാസിത് (ട്രിവാന്‍ഡ്രം റോയല്‍സ്) എന്നിവരാണ് ചടങ്ങളില്‍ ഒന്നിച്ചത്.