വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം അഭിഭാഷകരുമായി സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, തിടുക്കപ്പെട്ട് മുന്‍കൂര്‍ ജാമ്യത്തിന് പോയേക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. പ്രത്യേക അന്വേഷണ സംഘത്തിന്റെയും സര്‍ക്കാരിന്റെയും നിലപാട് കണ്ടറിഞ്ഞതിന് ശേഷമാകും കുന്‍കൂര്‍ ജാമ്യത്തിനുള്ള നടപടികളിലേക്ക് പോകുക. തിങ്കളാഴ്ച വരെ എന്തായാലും സമയം കിട്ടും എന്നദ്ദേഹം കരുതുന്നു. പെട്ടന്നൊരു അറസ്റ്റിലേക്ക് നീങ്ങണ്ട എന്ന് സര്‍ക്കാരും അന്വേഷണ സംഘത്തിന് അനൗദ്യോഗിക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇത് ബ്ലാക്ക്‌മെയിലിങ് കേസാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഇപ്പോഴും മുകേഷ്.
അതേസമയം, സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ തന്നോട് കാട്ടിയ ലൈംഗിക അതിക്രമത്തില്‍ കേസെടുത്തതില്‍ നന്ദി അറിയിച്ച് പരാതിക്കാരിയായ നടി രംഗത്തെത്തി. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതിനാല്‍ തനിക്ക് അവരോട് തുറന്ന് സംസാരിക്കാന്‍ സാധിച്ചെന്നും എല്‍ഡിഎഫ് സര്‍ക്കാരിന് നന്ദിയുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവത്തോടെ കേരളം രക്ഷപ്പെട്ടെന്നും ചെയ്ത തെറ്റുകള്‍ക്ക് ആര്‍ക്കെതിരെയും കേസെടുക്കാനാകുമെന്ന് തെളിഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.