2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ വെച്ച് തന്നെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് യുവ നടിയുടെ പരാതിയിൽ പറയുന്നത്. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് കണ്ടെതെന്നും, ഇതിന് ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതിക്കാരിയുടെ മൊഴി. യുവ നടിയുടെ പരാതിയിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. കൻ്റോൺമെൻ്റ് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലിലെത്തി തെളിവുകൾ ശേഖരിക്കുന്നത്. പരാതിക്കാരി ഹോട്ടലിൽ എത്തിയതിനുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം.
സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ നടി വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും കൂസാതെ യുവനടിയെ വെല്ലുവിളിച്ച സിദ്ദിഖ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചു. ഒടുവിൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് നടി മാധ്യമങ്ങൾക്ക് മുന്നിൽ സിദ്ദിഖിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണം ആവർത്തിച്ചത്. പിന്നാലെ താരസംഘടന/E/ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജി വെയ്ക്കുകയും ചെയ്തിരുന്നു.