തൊട്ടുമുമ്പില്‍ പുലിയെ കണ്ടതോടെ ഭയന്ന് വിറച്ച തൊഴിലാളികള്‍ തിരിഞ്ഞോടി. അപ്രതീക്ഷിതമായി മനുഷ്യ സാന്നിധ്യമുണ്ടായതോടെ വിറളിപൂണ്ട പുലിയും സമീപത്തെ തേയിലക്കാട്ടിലേക്ക് ചാടി ഓടി മറയുകയായിരുന്നു. ഈ ഭാഗത്തും തൊഴിലാളികള്‍ തൊഴില്‍ എടുക്കുന്നുണ്ടായിരുന്നു. പുലി ഇറങ്ങിയതായുള്ള ബഹളം കേട്ടതോടെ ഇവരും ഭയചകിതരായി ഓടി സുരക്ഷിത സ്ഥലത്തേക്ക് മാറി. പ്രദേശത്ത് മുമ്പ് പല തവണ വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.
പത്തിലധികം പശുക്കള്‍ ഇവിടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പുലിയുടെ സാന്നിധ്യമുണ്ടായതോടെ തൊഴിലാളികള്‍ ആശങ്കയിലാണ്. അതിരാവിലെ തോട്ടങ്ങളില്‍ ജോലിക്കിറങ്ങുന്നവരാണ് തൊഴിലാളികള്‍. ഇനിയും തങ്ങള്‍ പുലിയുടെ മുമ്പില്‍ പെടുമോയെന്നാണ് ഇവരുടെ ആശങ്ക. പ്രദേശത്തെ വന്യജീവി സാന്നിധ്യം ഒഴിവാക്കാന്‍ നടപടി വേണമെന്നുമാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.