ആലപ്പുഴ: കായംകുളത്ത് സിപിഎമ്മിൽ അച്ചടക്ക നടപടി. പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിയിൽ മാവേലി സ്റ്റോർ ബ്രാഞ്ച് സെക്രട്ടറിയായ ശ്യാം, മോഹനൻ പിള്ള എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പാർട്ടി ഏരിയാ സെൻ്റർ അംഗമായ നസീം ജനപ്രതിനിധിയായ വാർഡിൽ ഗ്രാമസഭ വിളിച്ച് കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് നടപടിക്ക് കാരണം. എന്നാൽ അച്ചടക്ക നടപടി വിഭാഗീയതയുടെ ഭാഗമായാണെന്നാണ് ആരോപണം.
ആറുമാസം മുൻപ് ശ്യാമിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നതിന് എടുത്ത തീരുമാനം പാർലമെൻ്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇടപെട്ട് മരവിപ്പിച്ചിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന ഏരിയ കമ്മിറ്റി ബ്രാഞ്ച് സെക്രട്ടറിയെ നീക്കിയ തീരുമാനം അംഗീകരിച്ചു. ഇതിനെതിരെയും ഏതാനും അംഗങ്ങൾ രംഗത്ത് വന്നു. കായംകുളം സിപിഎമ്മിൽ കടുത്ത വിഭാഗീയത തുടരുകയാണ്.