ബെംഗലൂരു: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതില്‍ വലിയ സന്തോഷമെന്ന് മലയാളി താരം ആശ ശോഭന. ടീമിലിടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തണമെന്നാണ് പ്രതീക്ഷയെന്നും ആശ പറഞ്ഞു. നിങ്ങള്‍ ആഗ്രഹിക്കുന്നിടത്തേക്കെത്താന്‍ സ്വപ്നം കണ്ടുകൊണ്ടേയിരിക്കു, പരിശ്രമങ്ങള്‍ തുടരൂ. മുപ്പത്തി മൂന്നാം വയസില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ആശ പറഞ്ഞ വാക്കുകളായിരുന്നു ഇത്. അന്ന് ലോകകപ്പ് ടീമിലിടം നേടുകയാണ് തന്‍റെ ലക്ഷ്യമെന്ന് പറഞ്ഞിരുന്ന ആശ ഒടുവില്‍ അതും നേടിയെടുത്തു.
ആശ ശോഭനയ്ക്കൊപ്പം മലയാളി താരം സജന സജീവനും ടീമില്‍ ഇടം നേടിയിട്ടുണ്ട്. രണ്ട് മലയാളി താരങ്ങള്‍ ടീമിലെത്തിയതില്‍ ആശയ്ക്ക് സന്തോഷം. ലോകകപ്പിനായി പ്രത്യേക പരിശീലനം വേഗം തുടങ്ങുമെന്നും ആശ പറഞ്ഞു. മാധ്യമങ്ങളെപ്പോലെ വാര്‍ത്താക്കുറിപ്പിലൂടെയാണ് താനും ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തിയ കാര്യം അറിഞ്ഞതെന്നും ആശ പ്രതികരിച്ചു. ഫാസ്റ്റ് ബൗളറായി തുടങ്ങി ലെഗ് സ്പിന്നറായ താരമാണ് ആശ. വനിത പ്രീമിയർ ലീഗ് ലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയതോടെയാണ് ആശാ ശോഭനയെന്ന പേര് ആരാധകരറിയുന്നത്.
ഒരു മത്സരത്തില്‍ 5 വിക്കറ്റടക്കം നേടി താരം മികവ് കാട്ടി. റോയൽ ചാലഞ്ചേഴ്സ് ഡബ്ല്യുപിഎൽ ജേതാക്കളായതിന്‍റെ പിറ്റേ ദിവസമാണ് ആശയ്ക്ക് 33ാം പിറന്നാള്‍ ആഘോഷിച്ചത്. പക്ഷേ പ്രതിഭയ്ക്കും പോരാട്ടവീര്യത്തിനും തെല്ലും പ്രായമായിട്ടില്ലെന്നു തെളിയിക്കുന്നതാണ് ആശയുടെ പ്രകടനങ്ങളെല്ലാം. പ്രായത്തെ വെല്ലുന്നൊരു പ്രകടനം ആരാധകര്‍ ലോകകപ്പിലും പ്രതീക്ഷിക്കുന്നുണ്ട്.