കേരളീയ നവോത്ഥാന ചരിത്രത്തില്‍ അയ്യങ്കാളിക്ക് സമാനതകളില്ല. ജാതി മേധാവിത്വത്തിന്‍റെ അപമാനങ്ങള്‍ക്കുമേല്‍ കീഴാള ജനതയുടെ ആത്മാഭിമാനത്തിന്‍റെ അടയാളമാണ് ആ വിപ്ലവകാരി. സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസ അവകാശം, ചന്തകളില്‍ പ്രവേശിക്കാനുള്ള അവകാശം, വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ മേല്‍ജാതിക്കാര്‍ കീഴ്ജാതിക്കാര്‍ക്ക് നിഷേധിച്ച മാനുഷികാവകാശങ്ങളെല്ലാം സമരപോരാട്ടങ്ങളിലൂടെ പിടിച്ചുവാങ്ങിയ ക്രാന്തദര്‍ശി ആയിരുന്നു മഹാത്മ അയ്യങ്കാളി.
തിരുവിതാംകൂറില്‍ പൊതുവഴി വെട്ടിയ നാള്‍മുതലെ താഴ്ന്ന ജാതിക്കാര്‍ക്ക് അയിത്തമായിരുന്നു. അറിയാതെ പോലും പൊതുവഴിയിലൂടെ നടന്നുപോയാല്‍ ക്രൂരമായ ശിക്ഷകള്‍ ഏറ്റുവാങ്ങിയിരുന്ന കാലം. 1893 ല്‍ നഗരത്തിലെ തെരുവിലൂടെ രണ്ട് കാളകളെ കെട്ടിയ ഒരു വില്ലുവണ്ടി മണി മുഴക്കി പൊടിപറപ്പിച്ച് പാഞ്ഞുവരുന്നു. തമ്പ്രാക്കളും പ്രമാണിമാരും മാത്രം ഉപയോഗിച്ചിരിക്കുന്ന വില്ലുവണ്ടിയില്‍ രാജാവിനെപ്പോലെ വരുന്നയാളെ കണ്ട് കൂടി നിന്നവര്‍ ഞെട്ടി. മേലാളന്‍മാരെപ്പോലെ വെള്ള അരക്കയ്യന്‍ ബനിയനും മേല്‍മുണ്ടും തലപ്പാവും അണിഞ്ഞ് വണ്ടിയില്‍ വന്നത് പുലയനായ അയ്യങ്കാളി. തമ്പ്രാക്കന്‍മാര്‍ കോപാകുലരായി. വണ്ടി തടഞ്ഞ് അയ്യങ്കാളിയെ പിടിച്ചുകെട്ടാനായി ഗുണ്ടകള്‍ പാഞ്ഞടുത്തു. വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി മേല്‍മീശ തടവി അയാള്‍ അരയില്‍നിന്ന് കഠാരയുമെടുത്തു. തമ്പ്രാക്കളും ഗുണ്ടകളും പരക്കംപാഞ്ഞു.
വീരോചിതമായിരുന്നു ആ പോരാട്ടങ്ങള്‍. ഐതിഹാസികമായിരുന്നു ആ ജീവിതം. മഹാത്മ അയ്യങ്കാളി നടന്നു തീര്‍ത്ത വഴികളും ഏറ്റെടുത്ത പോരാട്ടങ്ങളും തച്ചുതകര്‍ത്ത അനാചാരങ്ങളുമാണ് ഭ്രാന്താലയമെന്ന് ഒരു കാലം രേഖപ്പെടുത്തിയ മലയാളി ഭൂമികയെ ഇന്നത്തെ കേരളമാക്കി മാറ്റിയത്. തിരുവനന്തപുരത്തെ വെങ്ങാനൂരില്‍ 1863 ആഗസ്റ്റ് 28നായിരുന്നു അയ്യങ്കാളിയുടെ ജനനം. അയ്യന്‍ പുലയനും മാലയും ആയിരുന്നു മാതാപിതാക്കൾ. പുലയനായി ജനിച്ചതിൻ്റെ പേരില്‍ നേരിട്ട അവകാശ നിഷേധങ്ങളുടെ തീപ്പൊരിയാണ് അയ്യങ്കാളിയെന്ന പോരാളിയെ സ്ഫുടം ചെയ്തെടുത്തത്. അയ്യങ്കാളിയുടെ ജന്മനാടായ വെങ്ങാനൂർ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്കാണ് അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് സാക്ഷ്യം വഹിച്ചത്.
ചരിത്രത്തിൽ ഇടം പിടിച്ച വില്ലുവണ്ടി യാത്ര ആരംഭിച്ചത് വെങ്ങാനൂരിൽ നിന്നാണ്. അയ്യങ്കാളിയും മഹാത്മാ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വേദിയായതും വെങ്ങാനൂരായിരുന്നു. 1937 ജനുവരി 14ന് വെങ്ങാനൂരിലെത്തിയ ഗാന്ധിയോട് സ്വന്തം സമുദായത്തിൽ നിന്ന് 10 ബിഎക്കാരുണ്ടാകാൻ സഹായിക്കണമെന്നായിരുന്നു അയ്യങ്കാളിയുടെ അഭ്യർത്ഥന. പത്തല്ല നൂറ് ബിഎക്കാർ ഉണ്ടാകുമെന്നായിരുന്നു ഗാന്ധിയുടെ മറുപടി. പിന്നീട് സ്വന്തം വിദ്യാഭ്യാസ നിധിയിൽ നിന്നും ഗാന്ധി പണം അനുവദിച്ചതും ചരിത്രം.
ഒരു ജനതയുടെ സാമൂഹ്യ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ ഒരു ദീർഘദർശി കൂടിയായിരുന്നു അയ്യങ്കാളി. കേരളത്തിൽ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കും അതുവഴി സാമൂഹ്യ-സാമ്പത്തിക മുന്നേറ്റങ്ങൾക്കും വേണ്ടി വഴിവെട്ടിയ മഹാനായ സാമൂഹ്യപരിഷ്കർത്താവിനെ, നവോത്ഥാന നായകനെ സവിശേഷമായി നെഞ്ചോട് ചേർക്കേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. നമ്മുടെ നവോത്ഥാന മൂല്യങ്ങളും പുരോഗമന ആശയങ്ങളും വെല്ലുവിളിക്കപ്പെടുമ്പോൾ അയ്യങ്കാളി പ്രചോദനമാണ്, പ്രതീകമാണ്.