കോഴിക്കോട്: നിരോധിത വല ഉപയോഗിച്ച് ഉൾക്കടലിൽ മത്സ്യബന്ധനം നടത്തിയ ബോട്ടിലെ വലകൾ പിടിച്ചെടുത്ത് പരമ്പരാഗത മത്സ്യ തൊഴിലാളികൾ. കോഴിക്കോട് വെള്ളയിൽ കടപ്പുറത്തെ തൊഴിലാളികളാണ് വല പിടിച്ചെടുത്ത് കരയിലെത്തിച്ചത്.
ട്രോളിംഗ് നിരോധനം കഴിഞ്ഞു. കടലിൽ നിന്നും നല്ല മീൻ കിട്ടേണ്ട സമയമാണ്. പക്ഷെ ബോട്ട് ഇറക്കിയ ചിലവ് നികത്താൻ പോലും മത്സ്യം കിട്ടുന്നില്ല. കേരള തീരത്ത് മത്സ്യം കിട്ടാക്കനിയാകുന്നതിനിടെയാണ് ഉള്ളത് ആകെ കോരിയെടുക്കുന്ന ചിലരുടെ അതി ബുദ്ധി. ഉദ്യോഗസ്ഥരോടും പൊലീസിനോടും പരാതി പറഞ്ഞു. നടപടി ഇല്ലാതായതോടെയാണ് തൊഴിലാളികൾ നേരിട്ടിറങ്ങിയത്.
പെലാജിക് വല ഉപയോഗിച്ചാൽ അടിത്തട്ടിലെ പൊടിമീനടക്കം കുടുങ്ങും. നാളേക്ക് മീനുണ്ടാകില്ല. അനധികൃത മത്സ്യ ബന്ധനത്തിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ആക്ഷേപമുണ്ട്. ഗോവ, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലെ ബോട്ടുകളും വന്ന് മത്സ്യം കൊണ്ടുപോവുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വലകൾ കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസുകാരെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം അറിയിച്ചു. ഇതുപോലെ നൂറു കണക്കിന് ബോട്ടുകൾ കേരള തീരത്ത് അനധികൃത മീൻപിടിത്തം തുടരുന്നുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. നടപടി ഇല്ലെങ്കിൽ പ്രത്യക്ഷ സമരത്തിനാണ് നീക്കം.