‘മുൻപേ പല പ്രശ്നങ്ങൾ വന്നപ്പോഴും ലാലേട്ടൻ രാജിവെച്ചുപോകാനിരുന്നതാണ്. അദ്ദേഹത്തെ നിർബന്ധിച്ച് പിടിച്ചിരുത്തിയതാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക്. നേരത്തെയുള്ള വിഷയം വന്നപ്പോഴെ അദ്ദേഹം പറഞ്ഞതാണ് താത്പര്യമില്ലെന്ന്. ഭയങ്കര സങ്കടമായിരുന്നു അദ്ദേഹത്തിന്. ഇപ്പോൾ രാജിവെച്ചതിനെ സ്വാഗതം ചെയ്യുന്നു. അമ്മ സംഘടനയെ ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല. അമ്മ സംഘടനയിലുള്ള കുറേ ആൾക്കാര്‍ കാണിച്ചുക്കൂട്ടുന്ന ഇത്തരം പ്രവർത്തികൾക്കെതിരെയാണ് ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നത്. പല രീതിയിലുള്ള കാര്യങ്ങളുണ്ട്. ലൈംഗികാതിക്രമങ്ങൾ മാത്രമല്ല. പലപല കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളിൽ ഞങ്ങളെ സ്ത്രീകളെ കേൾക്കാൻ കഴിഞ്ഞ ജനറൽ ബോഡിയിൽ പോലും ആവശ്യപ്പെട്ടതാണ്.
ഞങ്ങളുടെ വിഷയങ്ങൾ കേൾക്കാനും ഞങ്ങൾക്ക് വേണ്ടി സംസാരിക്കാനും കരുത്തുള്ള ആരേയും പേടിക്കാത്ത ഒരു അംഗത്തെയെങ്കിലും വെക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ആ സമയത്ത് പകരം ഒരാളെ ഓപ്റ്റ് ചെയ്യാൻ അവസരം ഉണ്ടായിട്ടും, ഞങ്ങളുടെ അഭിപ്രായം മാനിച്ചുകൊണ്ട് അത്തരം ഒരാള്‍ വരുമെന്ന് പറഞ്ഞിട്ടുപോലും അങ്ങനെയൊരാളെയല്ല വെച്ചത്. ആ ആൾ വന്നിരുന്ന് പറഞ്ഞത് നമ്മൾ എല്ലാവരും കേട്ടതാണ്. ഈ ജനറൽ ബോഡി കഴിഞ്ഞ ശേഷം അമ്മയ്ക്ക് ഞാൻ രണ്ട് കത്തയച്ചിരുന്നു. ഞങ്ങളെ കേൾക്കുന്ന അഭിപ്രായങ്ങൾ പരിഗണിക്കുന്ന ആളായിരിക്കണം എന്ന ആവശ്യമുന്നയിച്ചുള്ളതായിരുന്നു ആദ്യത്തെ കത്ത്. തീർച്ചയായിട്ടും അങ്ങനെയായിരിക്കുമെന്നാണ് ജനറൽ സെക്രട്ടറി മറുപടി അയച്ചത്. എന്നാല്‍ ഒരു വിഭാഗം സ്ത്രീകൾ പറഞ്ഞതൊന്നും കേൾക്കാതെയുള്ള പെരുമാറ്റവും തിരഞ്ഞെടുപ്പുമാണ് ഉണ്ടായത്’, ഉഷ പറഞ്ഞു.