ഇരകള്‍ക്ക് നീതി കൊടുക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിന് തുടക്കം മുതലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഭാരിച്ച ചുമതലയുള്ള സ്പര്‍ജന്‍ കുമാറിന് അന്വേഷണ ചുമതല നല്‍കിയത് എന്തിനാണ്? സ്ത്രീപീഡന കേസുകള്‍ അന്വേഷിച്ചപ്പോള്‍ ഗുരുതര ആരോപണങ്ങള്‍ വന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
സോളാര്‍ കേസില്‍ കത്തിന്റെ പേജുകള്‍ ഓരോ ദിവസവും കൂടി കൂടി വന്നു. ഹേമ കമ്മിറ്റിയില്‍ പേജുകള്‍ കുറഞ്ഞുവരികയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്ന ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്ത് ആരോപണം വന്നാലും അന്വേഷിക്കണം. എഎംഎംഎ പരാതികള്‍ പരിശോധിക്കാത്തത് ഗുരുതരമായ തെറ്റാണ്. പരാതി ലഭിച്ചാല്‍ പൊലീസിന് കൈമാറണം. സര്‍ക്കാര്‍ ചെയ്യുന്നതും കുറ്റകൃത്യമാണ്.
സജി ചെറിയാന്‍ അധികാരത്തില്‍ തുടരാന്‍ യോഗ്യനല്ല. ഈ അന്വേഷണ സംഘത്തെ കുറിച്ച് പരിശോധിക്കണം. മുകേഷ് ഒരു സ്ഥാനത്തും ഇരിക്കാന്‍ യോഗ്യനല്ല. ആരോപണ വിധേയരായവര്‍ രാജി വെക്കണം. മുകേഷ് രാജി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ശ്രീജേഷിന് സ്വീകരണം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍, വലിയ കായിക താരത്തെ അപമാനിച്ചത് ശരിയായില്ലെന്നാണ് വി ഡി സതീശന്‍ പ്രതികരിച്ചത്. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം അവര്‍ തീര്‍ക്കണമായിരുന്നു. കായിക താരത്തെ വിളിച്ചുവരുത്തി അപമാനിക്കരുതായിരുന്നുവെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.