തൃശൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനമായ അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച നടക്കുന്ന അഷ്ടമിരോഹിണി ആഘോഷത്തിനായി 35,80,800 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നല്‍കി. ചുറ്റുവിളക്ക്, കാഴ്ചശീവേലി എന്നിവയ്ക്കായി 6,80,000 രൂപ വകയിരുത്തി.
പ്രസാദ ഊട്ടിന് മാത്രമായി 25,55,000 രൂപയാണ് വകയിരുത്തിയത്. ഇതിന് പുറമെ പ്രസാദ ഊട്ട് പ്രത്യേക വിഭവങ്ങള്‍ക്ക് മാത്രമായി 2,07,500 രൂപയും വകയിരുത്തി. എസ്റ്റിമേറ്റ് തികയാത്ത പക്ഷം ആവശ്യമായത്ര ഭക്ഷണം തയാറാക്കി നല്‍കാനും ഭരണസമിതി അനുമതി നല്‍കി. ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും പ്രസാദഊട്ട് നല്‍കും. ഏകദേശം കാല്‍ ലക്ഷത്തോളം പേരെയാണ് ദേവസ്വം പ്രതീക്ഷിക്കുന്നത്.
ഗുരുവായൂരപ്പന് നിവേദിച്ച പാല്‍ പായസമുള്‍പ്പെടെയുള്ള വിശേഷാല്‍ പ്രസാദ ഊട്ടാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസകാളന്‍, ഓലന്‍, അവിയല്‍, എരിശേരി, പൈനാപ്പിള്‍ പച്ചടി, മെഴുക്കുപുരട്ടി, ശര്‍ക്കരവരട്ടി, കായ വറവ്, അച്ചാര്‍, പുളി ഇഞ്ചി, പപ്പടം, മോര്, പാല്‍ പായസം എന്നിവയാണ് പ്രസാദഊട്ടിലെ വിഭവങ്ങള്‍. രാവിലെ ഒമ്പതിന് പ്രസാദ ഊട്ട് ആരംഭിക്കും.