2019ലായിരുന്നു പ്രതി സഞ്ജയ് റോയ് കൊൽക്കത്ത പൊലീസിന്റെ സിവിക് വൊളണ്ടിയറായി ചുമതലയേൽക്കുന്നത്. ഇയാൾ നാല് തവണ വിവാഹം ചെയ്തിട്ടുണ്ടെന്നും സ്ത്രീവാദിയാണെന്നുമാണ് റിപ്പോർട്ട്. ബോക്സർ കൂടിയായ പ്രതി പൊലീസുദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കുകയും പിന്നാലെ ആർജി കർ ആശുപത്രിയിലെ ഔട്ട് പോസ്റ്റിൽ നിയമിതനാവുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം 1.03നാണ് പ്രതി ആശുപത്രിക്കുള്ളിൽ പ്രവേശിക്കുന്നത്. ചെസ്റ്റ് വാർഡിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ പ്രതി കൊല്ലപ്പെട്ട ഡോക്ടറെയും മറ്റ് നാലുപേരെയും ശകാരിക്കുന്നത് കാണാം.
ഒരു മണിക്കാണ് യുവ ഡോക്ടർ വിശ്രമിക്കാനായി സെമിനാർ ഹാളിലെത്തുന്നത്. 2.30ന് യുവതിയുമായി സഹപ്രവർത്തക സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് യുവ ഡോക്ടറെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച സഞ്ജയ് റോയിയെ നുണപരിശോധനക്ക് വിധേയനക്കാൻ കോടതി അനുമതി നൽകിയിരുന്നു.
നേരത്തെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ സന്ദീപ് ഘോഷ് ഉൾപ്പെടെ നാല് പേരെ നുണപരിശോധന നടത്താൻ കോടതി അനുമതി നൽകിയിരുന്നു. കേന്ദ്ര ഫോറൻസിക് സയൻസ് ലാബിലെ വിദഗ്ധ സംഘമായിരിക്കും നുണപരിശോധന നടത്തുക.
ഓഗസ്റ്റ് ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. പി ജി വിദ്യാർത്ഥിയായ ഡോകടറുടെ മൃതദേഹം അർധനഗ്നമായ നിലയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
കൊലപാതകത്തിൽ ലവലേശം പശ്ചാത്താപമില്ലാതെയായിരുന്നു റോയിയുടെ പ്രതികരണമെന്ന് സിബിഐ പറഞ്ഞിരുന്നു. ഇയാൾ അശ്ലീലചിത്രങ്ങൾക്ക് അടിമയാണെന്നും വികൃത മനോഭാവമുള്ളയാളാണെന്നുമാണ് സൈക്കോ അനലിറ്റിക്കൽ റിപ്പോർട്ടിൽ പറയുന്നത്. ഒരു മടിയോ കുറ്റബോധമോ പ്രകടിപ്പിക്കാതെ പ്രതി കുറ്റം ഉദ്യോഗസ്ഥരോട് വിവരിച്ചതായും അധികൃതർ പറഞ്ഞു. നിരവധി അശ്ലീലവീഡിയോകൾ ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഓഗസ്റ്റ് 18നായിരുന്നു പ്രതിയെ സൈക്കോ അനലിറ്റിക്കൽ ടെസ്റ്റിന് വിധേയനാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിനെ സമീപിക്കുന്നത്. കൂട്ടബലാത്സംഗത്തിൻ്റെ സാധ്യതകൾ ചർച്ചയായിരുന്നുവെങ്കിലും കൂട്ട ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് സിബിഐ അന്വേഷണത്തിൽ സൂചന ലഭിച്ചതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.