വിമാനത്താവളത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് സിഐഎസ്എഫ് ജവാൻ്റെ സമയോചിതമായ ഇടപെടലിൽ പുതുജീവൻ. ഹൃദയസ്തംഭനത്തെ തുടർന്നാണ് യാത്രക്കാരൻ വിമാനത്താവളത്തിനുള്ളിൽ കുഴഞ്ഞുവീണത്. ശ്രദ്ധയിൽപ്പെട്ട സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൻ്റെ (സിഐഎസ്എഫ്) ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് ഒരു ദുരന്തം ഒഴിവാക്കിയതെന്ന് സേനയുടെ വക്താവ് പറഞ്ഞു. കൃത്യമായ സമയത്ത് സിപിആർ നൽകാൻ സാധിച്ചതാണ് യാത്രക്കാരന്റെ ജീവൻ പിടിച്ചു നിർത്താൻ സഹായകരമായത്.
ഓഗസ്റ്റ് 20 ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരനെ പിന്നീട് ചികിത്സയ്ക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ ഇദ്ദേഹത്തിൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചതായി സേനാ വക്താവ് പറഞ്ഞു.
എയർപോർട്ടിലെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്ത ഏജൻസിയായ എഎൻഐ എക്സിൽ(ട്വിറ്ററിൽ) പോസ്റ്റ് ചെയ്തിട്ടുണ്ട്. ലഗേജുകൾ അടങ്ങുന്ന തന്റെ ട്രോളിയുമായി വരുന്ന യാത്രക്കാരൻ പെട്ടെന്ന് പിന്നിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ആ സമയം തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ ഇത് പെടുകയും അദ്ദേഹം അതിവേഗത്തിൽ സിപിആർ നൽകുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഈ സമയം തന്നെ മറ്റു രണ്ടു സൈനികർ കൂടി അവിടേക്ക് വരികയും ജീവൻ രക്ഷാപ്രവർത്തനത്തിൽ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുന്നു.
സേനാ വക്താവ് അർഷാദ് അയൂബ് പറയുന്നതനുസരിച്ച്, ഐജിഐ എയർപോർട്ടിൻ്റെ ടെർമിനൽ 2 ൽ നിന്ന് ശ്രീനഗറിലേക്ക് ഇൻഡിഗോ വിമാനത്തിൽ കയറാൻ പോകുന്നതിനിടെ ഹാൻഡ് ട്രോളിക്ക് സമീപം യാത്രക്കാരൻ കുഴഞ്ഞു വീണത്. സിഐഎസ്എഫിൻ്റെ ക്വിക്ക് റിയാക്ഷൻ ടീം (ക്യുആർടി) ആണ് യാത്രക്കാരൻ കുഴഞ്ഞുവീഴുന്നത് കണ്ടത്, അവരിൽ ഒരാളാണ് സിപിആർ നൽകി ജീവൻ തിരികെ പിടിച്ചത്.