ചെന്നൈ: തമിഴ്നാട് പൊലീസിനെതിരെ വിമർശനം തുടർന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം. വ്യാജ എൻസിസി ക്യാമ്പ് കൂട്ടബലാത്സംഗ കേസിലെ പ്രതിയായ നാം തമിഴർ കച്ചി യുവനേതാവും അച്ഛനും മരിച്ചത് സംശയകരമെന്നാണ് കാർത്തി ആരോപിക്കുന്നത്. എല്ലാ കസ്റ്റഡി മരണങ്ങളും മുൻധാരണ കൂടാതെ അന്വേഷിക്കണമെന്നും ശിവഗംഗ എംപിയായ കാർത്തി ചിദംബരം ആവശ്യപ്പെട്ടു. തമിഴ്നാട് കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാംപിൽ പങ്കെടുത്ത13 പെൺകുട്ടികൾ ബലാത്സംഗത്തിനിരയായെന്ന ആരോപണത്തിൽ അറസ്റ്റിലായ യുവ രാഷ്ട്രീയ നേതാവ് ജീവനൊടുക്കുകയും ഇയാളുടെ പിതാവ് റോഡ് അപകടത്തിൽ മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് കാർത്തി ചിദംബരത്തിന്റെ പ്രതികരണം.
നേരത്തെ ബിഎസ്പി നേതാവ് കെ ആംസ്ട്രോങ്ങിന്റെ കൊലപാതക്കേസിലെ പ്രതികളിലൊരാൾ പൊലീസ് എൻകൌണ്ടറിൽ കൊല്ലപ്പെട്ടപ്പോഴും കാർത്തി ചിദംബരം രൂക്ഷമായ വിമർശനം തമിഴ്നാട് പൊലീസിനെതിരെ ഉന്നയിച്ചിരുന്നു. നീതിന്യായ വ്യവസ്ഥയ്ക്ക് പുറത്തുള്ള എൻകൌണ്ടറുകൾ മികച്ച പൊലീസ് നടപടിയല്ലെന്നാണ് നേരത്തെ കാർത്തി ചിദംബരം പ്രതികരിച്ചത്. വ്യാജ എൻസിസി ക്യാമ്പിലെ പീഡനക്കേസ് പ്രതികളിലൊരാളായ നാം തമിഴർ കക്ഷി നേതാവായിരുന്ന ശിവരാമൻ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ ഇയാൾ എലിവിഷം കഴിച്ചതായും വിവരമറിഞ്ഞപ്പോൾ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നുമാണ് സംഭവത്തേക്കുറിച്ച് എസ്പി വിശദമാക്കിയത്. ഇതിന് പിന്നാലെ തന്നെ ശിവരാമന്റെ പിതാവിന്റെ അപകട മരണ വാർത്തയും എത്തുകയായിരുന്നു. കാവേരി പട്ടണത്ത് വച്ചുണ്ടായ അപകടത്തിലാണ് അശോക് കുമാർ മരിച്ചത്.
ഓഗസ്റ്റ് ആദ്യവാരത്തിൽ കൃഷ്ണഗിരിയിലെ സ്വകാര്യ സ്കൂളിൽ വച്ച് നടന്ന വ്യാജ എൻസിസി ക്യാമ്പിലാണ് വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെട്ടതെന്നാണ് ആരോപണം. എൻസിസി യൂണിറ്റില്ലാത്ത സ്കൂളിൽ വച്ച് ക്യാംപ് നടത്തിയാൽ യൂണിറ്റ് അനുവദിക്കുമെന്ന് സ്കൂൾ അധികൃതരെ ബോധിപ്പിച്ച സംഘാടകരിൽ യുവനേതാവും ഉൾപ്പെട്ടിരുന്നു. സംഭവത്തിൽ 11 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച ക്യാംപിൽ വച്ചുണ്ടായ അതിക്രമത്തിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും അടക്കമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. 17 പെൺകുട്ടികൾ അടക്കം 41 വിദ്യാർത്ഥികളാണ് ക്യാംപിൽ പങ്കെടുത്തത്. ക്യാംപിലുണ്ടായ അതിക്രമത്തെക്കുറിച്ച് വീട്ടിലെത്തിയ ഒരു പെൺകുട്ടി രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്ത് വന്നത്.