ഇടുക്കി: വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ മുളകുപൊടി എറിഞ്ഞ് മോഷ്ടാക്കൾ കവർന്നുവെന്ന വീട്ടമ്മയുടെ പരാതി വ്യാജമെന്ന് പൊലീസ്. ഓണച്ചിട്ടിയിൽ നിക്ഷേപിച്ച പണം ആളുകൾക്ക് തിരികെ നൽകാൻ കഴിയാതെ വന്നതോടെയാണ് നെടുങ്കണ്ടം കോമ്പയാർ സ്വദേശിനി കള്ളക്കഥ മെനഞ്ഞതെന്ന് കട്ടപ്പന ഡിവൈഎസ്പി വി .എ നിഷാദ്‌മോനും സംഘവും അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച പകൽ രണ്ട് മണിയോടെ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടുപേർ തന്റെ മുഖത്തും വീടിനകത്തും മുളകുപൊടി എറിഞ്ഞ് പണം മോഷ്ടിച്ചുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി.
സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണുപ്രദീപിന്‍റെ നിർദേശപ്രകാരം അന്വേഷണം തുടങ്ങി മൂന്നു മണിക്കൂറിനുള്ളിൽ പരാതി വ്യാജമാണെന്ന് പൊലീസിന് വ്യക്തമായി. വീട്ടമ്മ നടത്തിവന്ന ഓണച്ചിട്ടിയിൽ നെടുങ്കണ്ടത്തെയും പരിസരപ്രദേശത്തെയും വ്യാപാരികൾ ഉൾപ്പെടെ 156 പേർ പണം നിക്ഷേപിച്ചിരുന്നു. ഇവർക്ക് കൃത്യസമയത്ത് തുക തിരികെ നൽകാൻ കഴിയാതെവന്നതോടെയാണ് കള്ളക്കഥ മെനഞ്ഞ് പരാതി നൽകിയതെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി മേഖലയിലെ നിരവധി പേരെ ചോദ്യം ചെയ്തു. പലർക്കും ചിട്ടിപ്പണം തിരികെ നൽകാനുള്ളതായി വിവരം ലഭിച്ചു.
ഒടുവിൽ പരാതി വ്യാജമാണെന്നും മുളകുപൊടി സ്വയം വിതറിയതാണെന്നും വീട്ടമ്മ പൊലീസിനോട് സമ്മതിച്ചു. നെടുങ്കണ്ടം എസ്എച്ച്ഒ ജർലിൻ വി സ്‌കറിയ, എസ്‌ഐ ടി എസ് ജയകൃഷ്ണൻ നായർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പൊലീസ് സംഭവ സ്ഥലത്ത് ഉടനടി എത്തി അതി സൂക്ഷ്മതയോടും ജാഗ്രതയോടും കൂടി നടത്തിയ അന്വേഷണമാണ് നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലുമുള്ള യുവാക്കൾ അടക്കമുള്ള ആളുകൾ ചോദ്യം ചെയ്യലിന് വിധേയമാക്കണ്ട അതി ഗൗരവകരമായ സംഭവം മൂന്നുമണിക്കൂറിനുള്ളിൽ തെളിയിച്ചത്.