കൊല്ലം:ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ സാംസ്കാരിക വകുപ്പും സര്‍ക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇതില്‍ ഗതാഗത മന്ത്രിയ്ക്ക് കാര്യമില്ലെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍. സിനിമ നടൻ കൂടിയായ മന്ത്രി ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പരാമര്‍ശങ്ങളിൽ കൂടുതല്‍ പ്രതികരിക്കാനും തയ്യാറായില്ല. എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ലെന്നും ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ട് പുറത്തു വന്നു നല്ലതാണ്. അവസരങ്ങൾ ലഭിക്കുന്നത് വിട്ടുവീഴ്ച ചെയ്യണമെന്നൊക്കെ പണ്ടേ കേൾക്കുന്നതാണ്.
എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പറഞ്ഞാൽ അന്നേരം പ്രതികരിക്കും.നമ്മൾ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ഊഹിക്കുന്നത്. ആളുകളെ ആക്ഷേപിക്കുന്നതിന് തയാറല്ല. സാംസ്കാരിക മന്ത്രി കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹം നടപടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്. സിനിമ മേഖലയില്‍ എല്ലാ ശരിയാണെന്ന് അഭിപ്രായമില്ല.അറിയാത്ത കാര്യങ്ങളെക്കുറിച്ച് പറയാനില്ല.
ആരും ഇത്തരം കാര്യങ്ങളില്‍ തന്നോട് പരാതി പറഞ്ഞിട്ടില്ല. റിപ്പോര്‍ട്ടിൽ സര്‍ക്കാര്‍ നല്‍കേണ്ട ശുപാര്‍ശയിൽ സാംസ്കാരിക വകുപ്പ് ഉചിതമായ നടപടിയെടുക്കും. ഷൂട്ടിങ് ലോക്കേഷനില്‍ ബാത്ത് റൂം സൗകര്യമില്ലാത്തതോക്കെ ഉടൻ നടപടിയെടുക്കേണ്ട കാര്യമാണ്. സീനിയറായ നടികളുടെ കാരവൻ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. പ്രൊഡ്യൂസേഴ്സ് സംഘടന ഇത്തരം കാര്യങ്ങള്‍ ആലോചിക്കേണ്ടതാണ്. മൊത്തത്തില്‍ ഉള്ള പഠനമാണ്. അതില്‍ ചില കാര്യങ്ങള്‍ മാത്രം എടുത്ത് ചാടേണ്ട. പണ്ടും ഇതുപോലെയുള്ള കഥകള്‍ കേട്ടിടട്ടുണ്ട്.
അതിനെക്കുറിച്ച് പറയാനില്ല. അത്തരം കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്യാതെ പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. ഗണേഷ് കുമാറോ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയോ അല്ല നടപടിയെടുക്കേണ്ടത്. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ ഞാൻ ഇടപെടുമായിരുന്നു. അതില്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. അതുകൊണ്ടാണ് സിനിമയിൽ വല്യ അവസരം ഇല്ലാത്തത്.
ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഊഹിക്കേണ്ടതില്ല. കുറ്റക്കാരുടെ പേരോ മറ്റോ പറഞ്ഞിട്ടില്ല. അതിനാല്‍ അതെക്കുറിച്ച് പറയാനില്ല. വ്യക്തിപരമായ അധിക്ഷേപത്തിന് കാരണമാകുന്ന ചര്‍ച്ചകള്‍ക്കില്ല. കോടതി പറഞ്ഞ രേഖകള്‍ക്ക് അപ്പുറത്ത് എന്തെങ്കിലും ലഭിക്കുമോയെന്ന് അറിയില്ല. ഇക്കാര്യത്തില്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയ്ക്ക് ഒരു കാര്യവുമില്ലെന്നും ഗണേഷ് കുമാര്‍ ആവര്‍ത്തിച്ചു.