പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്ത് തിരികെ നാട്ടിലെത്തിയ വിനേഷ് ഫോഗട്ടിന് വൻ സ്വീകരണമാണ് ലഭിച്ചത്. വിനേഷ് ഫോഗട്ടിനെ വിമാനത്താവളത്തിൽ മാലയിട്ട് സ്വീകരിച്ചവരിൽ കോൺഗ്രസ് എംപി ദീപേന്ദർ ഗൂഡ അടക്കമുള്ളവരുണ്ടായിരുന്നു. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ചരൺ സിംഗിനെതിരായ സമരത്തിൽ മുൻപന്തിയിലുണ്ടായിരുന്ന വിനേഷ് ഫോഗട്ടിനെ അന്നേ കോൺഗ്രസ് പരിഗണിച്ചിരുന്നു. വിനേഷ് ഫോഗട്ടിനെ കോൺഗ്രസ് പാളയത്തിലെത്തിച്ച് മത്സരിപ്പിച്ചാൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതിനായുള്ള ചരട് വലികൾ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. വിനേഷ് ഫോഗട്ടിനായി മറ്റ് ചില പാർട്ടികളും ശ്രമം നടത്തുന്നുണ്ട്. ഇതിനായി പലരും വിനേഷിനെ സമീപിച്ചു കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
വിനേഷ് ഫോഗട്ട് മത്സരരംഗത്തെത്തിയാൽ ഗുസ്തി താരവും വിനേഷിന്റെ ബന്ധുവും ബിജെപി നേതാവുമായ ബബിത ഫോഗട്ടായിരിക്കും പ്രധാന എതിരാളി. അതിനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിനേഷുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരിക്കുന്നത്.