ദില്ലി: ലോക് സഭ തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താ സമ്മേളനം മൂന്ന് മണിക്ക് നടക്കും. ജമ്മുകശ്മീര്‍, ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ആകാംക്ഷ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്.
നിയമസഭകളുടെ കാലാവധി അഞ്ച് മാസത്തിനിടെ പൂര്‍ത്തിയാകുന്ന നാല് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇതില്‍ ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് നടപടികളാണ് ആദ്യം പൂര്‍ത്തിയാക്കേണ്ടത്. സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച കമ്മീഷന്‍, സുരക്ഷാ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ് പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്. ലോക് സഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തിയതും അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു.
രാഷ്ട്രപതി ഭരണം, പുനസംഘടന തുടങ്ങിയ നടപടികളില്‍ പെട്ട കശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയില്‍ നവംബര്‍ മൂന്നിനും, മഹാരാഷ്ട്രയില്‍ നവംബര്‍ 26നും നിയമസഭയുടെ കാലാവധി കഴിയും. ഹരിയാനയും, കശ്മീരും ആദ്യ ഘട്ടം പ്രഖ്യാപിച്ച് പിന്നീട് മഹാരാഷ്ട്ര പ്രഖ്യാപിക്കാനാണ് നീക്കമെന്ന് അഭ്യൂഹമുണ്ട്. കശ്മീരിനൊപ്പം ഹരിയാനയും സന്ദര്‍ശിച്ച കമ്മീഷന്‍ മഹാരാഷ്ട്രയും ജാര്‍ഖണ്ഡും സന്ദര്‍ശിച്ചിട്ടില്ല.ജാര്‍ഖണ്ഡില്‍ ഡിസംബറിലേ നിയമസഭയുടെ കാലാവധി കഴിയുന്നുള്ളൂ. വൈകി പ്രഖ്യാപിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കാനാകും സാധ്യത. കേരളത്തില്‍ പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടതുണ്ട്.
ലോക് സഭ തെരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ബിജെപിക്കും ഇന്ത്യ സഖ്യത്തിനും ഒരു പോലെ നിര്‍ണ്ണായകമാണ്. പുനംസഘടനക്ക് ശേഷം നടന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ ജമ്മുവിലെ ഫലം ബിജെപിക്ക് ആശ്വാസം നല്‍കിയെങ്കിലും കശ്മീരില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഹരിയാനയിലും, മഹാരാഷ്ട്രയിലും ഉണ്ടാക്കിയ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇന്ത്യ സഖ്യം പ്രതീക്ഷിക്കുന്നു. എന്നാല്‍ ലോക് സഭ തെരഞ്ഞെടുപ്പിലെ ട്രെന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കില്ലെന്ന് വാദിക്കുന്ന ബിജെപി മോദിയെ തന്നെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് തയ്യാറെടുക്കുന്നത്.