ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ള മൂന്നുപേർക്കായി ഗംഗാവലി പുഴയിലെ തെരച്ചിൽ തുടങ്ങി. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ സംഘം പുഴയിലിറങ്ങിയെങ്കിലും തിരിച്ചു കയറി. പുഴയിൽ കലക്കം കൂടുതലാണെന്ന് നാവികസേന വിശദീകരിച്ചു. ഇപ്പോൾ വീണ്ടും നാവികസേന പുഴയിൽ ഇറങ്ങിയിട്ടുണ്ട്. ഈശ്വർ മൽപേയും തെരച്ചിലിനിറങ്ങും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്താനാണ് തീരുമാനം. തിങ്കളാഴ്ച ഡ്രെഡ്ജർ എത്തുന്ന വരെ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരും.
കലക്കവെള്ളം വെല്ലുവിളിയാണ്. എന്നാൽ കലക്കവെള്ളത്തിലും തിരക്കിൽ നടത്തി പരിചയമുള്ളവരാണ് ഒപ്പം ഉള്ളത്. അതുകൊണ്ടുതന്നെ വെള്ളത്തിനടിയിൽ ഇറങ്ങി പരിശോധനകൾ തുടരുമെന്നും ഈശ്വർ മാൽപേ പറഞ്ഞു. അർജുന്റെ ലോറിയുടെ കയർ കണ്ടെത്തിയ മരക്കുറ്റി നീക്കം ചെയ്യുകയാണ് ആദ്യശ്രമം. വൈകുന്നേരം വരെ തെരച്ചിൽ തുടരും. 11മണിയോടെ ക്രെയിൻ എത്തും. പുഴയുടെ അടിയിൽ കിടക്കുന്ന മരക്കുറ്റിയിൽ കൊളുത്തി വലിച്ച് പുറത്തെത്തിക്കാനാണ് ശ്രമമെന്നും ഈശ്വർ മൽപെ പറഞ്ഞു. മണ്ണിടിച്ചിൽ അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു.
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണായക തെളിവ് ലഭിച്ചെന്ന് രക്ഷാ ദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ കയറടക്കം കണ്ടെത്തിയതിനാൽ അർജുന്‍റെ ലോറി പുഴക്കടിയിൽ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവർ വിവരിച്ചു. ലോറി പുഴക്ക് അടിയിൽ ഉണ്ടെന്നതിന്‍റെ തെളിവാണ് ഇന്ന് കയർ ലഭിച്ചതെന്നും കളക്ടർ പറഞ്ഞു. ഈ കയർ ലഭിച്ച സ്ഥലം അടിസ്ഥാനമാക്കിയായിരിക്കും ഇനിയുള്ള പരിശോധന. ഡ്രഡ്ജർ എത്തുന്നത് വരെ ഡൈവർമാർ തെരച്ചിൽ നടത്തുമെന്നും ഡ്രഡ്ജർ എത്തിയശേഷം തെരച്ചിൽ ഏതുതരത്തിൽ വേണമെന്ന് തീരുമാനമെടുക്കുമെന്നും കളക്ടർ വിവരിച്ചു. ഡ്രഡ്ജിംങ്ങും മുങ്ങിയുള്ള പരിശോധനയും ഒരുമിച്ച് നടത്താനാവില്ലെന്നും ഇത് പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അവർ വ്യക്തമാക്കി.
അതേസമയം അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ പ്രതീക്ഷയുണ്ടെന്ന് സഹോദരി അഞ്ജു പ്രതികരിച്ചു. ഇനി കാര്യക്ഷമമായ തെരച്ചിൽ നടത്തണമെന്നും ജില്ലാ ഭരണകൂടം പറയുന്ന കാര്യങ്ങളല്ല പലപ്പോഴും നടക്കുന്നതെന്നും അതില്‍ വിഷമമുണ്ടെന്നും അഞ്ജു പറഞ്ഞു. അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി ഡ്രഡ്ജർ എത്തിക്കാൻ തീരുമാനമായിട്ടുണ്ട്. ഗോവയിൽ നിന്ന് തിങ്കളാഴ്ചയോടെ ഡ്രഡ്ജർ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഡ്രഡ്ജർ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 22 ലക്ഷം രൂപയാണ് ട്രാൻസ്പോർട്ടേഷന് മാത്രമായി ചെലവ് വരുന്നത്. ജലമാർഗത്തിലായിരിക്കും ഡ്രഡ്ജർ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു.