വേണാട് എക്സ്പ്രസ് എറണാകുളം ജങ്ഷനിലേക്ക് എത്താതായതോടെ പാലരുവിയിൽ കയറുന്ന യാത്രക്കാരുടെ എണ്ണം കൂടിയിരുന്നു. ജോലിക്കും പഠനത്തിനുമായി ദൈനംദിന യാത്രയ്ക്ക് കൊല്ലം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിലെ നിരവധി യാത്രക്കാർ പാലരുവിയെ ആശ്രയിക്കുന്നുണ്ട്. തിങ്ങിഞെരുങ്ങി യാത്ര ചെയ്യുന്ന സാഹചര്യമായിരുന്നു. കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനകൾ നിരവധി തവണ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പാലരുവിയ്ക്കും വേണാടിനും ഇടയിൽ മെമുവോ പാസഞ്ചറോ അടിയന്തരമായി വേണമെന്നാണ് യാത്രക്കാർ പ്രധാനമായും ആവശ്യപ്പെട്ടത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം യാത്രക്കാർ പ്രതിഷേധിച്ചത്.
നാളെ മുതൽ ട്രെയിൻ തൂത്തുക്കുടിയിലേക്ക് നീട്ടുകയും ചെയ്യും. തുടക്കത്തിൽ പുനലൂർ വരെയായിരുന്നു പാലരുവി എക്സ്പ്രസ്. പിന്നീട് ചെങ്കോട്ടയിലേക്കും തുടർന്ന് തിരുനെൽവേലിയിലേക്കും നീട്ടുകയായിരുന്നു. ഇപ്പോൾ തൂത്തുക്കുടിയിലേക്ക് നീട്ടിയിരിക്കുകയാണ്. നാളെ ഉച്ച കഴിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്യും. അതേസമയം വന്ദേഭാരതിനു വേണ്ടി അരമണിക്കൂർ വരെ പാലരുവി പിടിച്ചിടുന്ന അവസ്ഥയ്ക്ക് ഇനിയും പരിഹാരമായിട്ടില്ല.