തൃശൂര്‍: കാലവര്‍ഷക്കെടുതിയില്‍ ചീരക്കുഴി വിയറിന് സംഭവിച്ചത് കനത്തനാശം. ഗായത്രിപ്പുഴ കരകവിഞ്ഞുള്ള വെള്ളപ്പാച്ചിലില്‍ വിയറിലേക്കുള്ള അപ്രോച്ച് റോഡും കനാലിന്റെ പാര്‍ശ്വഭിത്തികളും തകര്‍ന്നു. പ്രാഥമിക കണക്കുപ്രകാരം ഏകദേശം രണ്ടു കോടി രൂപയ്ക്ക് മുകളില്‍ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്ന് ചീരക്കുഴി ജലസേചന പദ്ധതി അധികൃതര്‍ വ്യക്തമാക്കി. തിരുവില്വാമല, പഴയന്നൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലെ ഗായത്രിപ്പുഴയ്ക്ക് കുറുകെയുള്ള ചീരക്കുഴി വിയര്‍ കെ രാധാകൃഷ്ണന്‍ എംപി സന്ദര്‍ശിച്ചു.
വലിയ നാശമാണ് ചീരക്കുഴിക്ക് സംഭവിച്ചിരിക്കുന്നതെന്നും പുനരുദ്ധാരണത്തിന് കൂടുതല്‍ പണം കണ്ടെത്തേണ്ടാതായിട്ടുണ്ടെന്നും എംപി പറഞ്ഞു. നിലവില്‍ തകര്‍ച്ച പരിഹരിക്കുന്നതിനാവശ്യമായി പണം ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് പ്രാദേശിക ഫണ്ടില്‍നിന്നും പണം കണ്ടെത്താനും ശ്രമിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും ജലസേചന വകുപ്പിന്റെയും സഹകരണത്തോടെ കനാലിന്റെ തകര്‍ച്ച പരിഹരിച്ച് ഒക്‌ടോബറില്‍ കര്‍ഷകര്‍ക്ക് വെള്ളം വിട്ടുനല്‍കുമെന്നും എംപി പറഞ്ഞു.
2018ലെ പ്രളയത്തില്‍ തകര്‍ന്ന എട്ടു ഷട്ടറുകള്‍ പുന:സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.53 കോടി രൂപയും റീബില്‍ഡ് കേരള പദ്ധതിയില്‍ തന്നെ കനാല്‍ നവീകരണത്തിന് 67.50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കനാല്‍ നവീകരണത്തിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 4.43 കോടിയും അനുവദിച്ചിരുന്നു. മണല്‍ച്ചാക്ക് നിറച്ച് താല്‍ക്കാലിക തടയണ നിര്‍മിക്കാനും അതോടോപ്പമുള്ള അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി 90 ലക്ഷം രൂപ ഇറിഗേഷന്‍ വകുപ്പ് ആ കാലഘട്ടത്തില്‍ അനുവദിച്ചിരുന്നു.
നിലവില്‍ ഷട്ടറുകള്‍ക്ക് നാശം സംഭവിച്ചിട്ടില്ലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. ശ്രീജയന്‍, പഞ്ചായത്തംഗം കെ.എം. അസീസ്, പൊതുപ്രവര്‍ത്തകരായ ശോഭന രാജന്‍, എ.ബി. നൗഷാദ്, അസി. എക്‌സി. എന്‍ജിനീയര്‍ എസ്.എസ്. റോഷ്‌നി, ഷനോജ് വി.യു, ധനീഷ് സി.ടി. എന്നിവര്‍ സന്നിഹിതരായിരുന്നു.