25.9 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • രാത്രിയിൽ പുറത്തിറങ്ങരുതെന്ന് ഉത്തരവ്; മുറിയിൽ അടച്ചിരിക്കാൻ പറയുന്നതിന് പകരം സുരക്ഷ നൽകണമെന്ന് ഡോക്ടർമാർ
Uncategorized

രാത്രിയിൽ പുറത്തിറങ്ങരുതെന്ന് ഉത്തരവ്; മുറിയിൽ അടച്ചിരിക്കാൻ പറയുന്നതിന് പകരം സുരക്ഷ നൽകണമെന്ന് ഡോക്ടർമാർ


ഗുവാഹത്തി: കൊൽക്കത്തയിൽ 31കാരിയായ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വിവാദ ഉത്തരവുമായി അസമിലെ സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളേജ്. രാത്രിയിൽ തനിച്ച് ക്യാമ്പസിൽ സഞ്ചരിക്കുന്നത് ഒഴിവാക്കണം എന്നാണ് വനിതാ ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കും നൽകിയ നിർദേശം. എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ ശ്രദ്ധ ആകർഷിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. സിൽചാർ മെഡിക്കൽ കോളേജിന്‍റെ ഉത്തരവ് ഇതിനകം രൂക്ഷ വിമർശനത്തിന് ഇടയാക്കി.

മെഡിക്കൽ കോളേജിന്‍റെ നിർദേശങ്ങൾ സ്ത്രീവിരുദ്ധമാണെന്നാണ് വിമർശനം. അത് ചെയ്യണം, ഇത് ചെയ്യരുത് എന്നെല്ലാം സ്ത്രീകളെ ഉപദേശിക്കുന്നിന് പകരം സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്ന് ഡോക്ടർമാർ പ്രതികരിച്ചു. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിലെ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നിർദേശങ്ങൾ നൽകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വനിതാ ഡോക്ടർമാരും വിദ്യാർത്ഥികളും ജീവനക്കാരും പൊതുവെ ഒറ്റപ്പെട്ടതും വെളിച്ചക്കുറവുള്ളതും ആളനക്കമില്ലാത്തതുമായ ഇടങ്ങളിലൂടെ നടക്കരുത് എന്നാണ് സർക്കുലറിൽ പറയുന്നത്. രാത്രിയിൽ ഒറ്റയ്ക്കാവുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാർത്ഥിനികൾ രാത്രി സമയത്ത് ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കണണം. അത്യാവശ്യം വന്നാൽ അധികൃതരെ അറിയിച്ചതിന് ശേഷം മാത്രമേ പുറത്തിറങ്ങാവൂ എന്നും സർക്കുലറിൽ പറയുന്നു. ഹോസ്റ്റൽ നിയമങ്ങൾ കൃത്യമായി പിന്തുടരണം. അജ്ഞാതരായ വ്യക്തികളുമായി കൂട്ടുകൂടരുതെന്നും സർക്കുലറിൽ പറയുന്നു.

ഡ്യൂട്ടിയിലായിരിക്കുമ്പോൾ ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കണം. പൊതുജനങ്ങളുമായി ആദരവോടെ ഇടപഴകണം. അങ്ങനെ എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ ശ്രദ്ധ ആകർഷിക്കുന്നത് ഒഴിവാക്കാമെന്നും സർക്കുലറിലുണ്ട്. വിദ്യാർത്ഥികളും വനിതാ ഡോക്ടർമാരും എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ആഭ്യന്തര കമ്മിറ്റികളെ അറിയിക്കണമെന്ന് സർക്കുലറിൽ പറയുന്നു. ആശുപത്രിയിലെ ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും താൽപര്യം മുൻനിർത്തിയാണ് ഉത്തരവ് പുറത്തിറക്കിയതെന്നാണ് വിശദീകരണം.

കോളേജിലെ ജൂനിയർ ഡോക്‌ടേഴ്‌സ് അസോസിയേഷൻ സർക്കുലറിനെ അപലപിച്ച് രംഗത്തെത്തി. തങ്ങളോട് മുറിയിൽ അടച്ചിരിക്കാൻ പറയുന്നതിന് പകരം മെഡിക്കൽ കോളേജിൽ സുരക്ഷ വർദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കാമ്പസിൽ മതിയായ വെളിച്ചം, ഡോക്ടർമാരുടെ മുറിയിൽ സുരക്ഷ, കൂടുതൽ സിസിടിവി ക്യാമറകൾ എന്നിവയാണ് ഉറപ്പാക്കേണ്ടതെന്ന് അവർ ആവശ്യപ്പെട്ടു. ‘ഉപദേശം നൽകേണ്ടത് പുരുഷന്മാർക്കാണ്, സ്ത്രീകൾക്കല്ല’, ‘ലൈംഗികാതിക്രമം ഉണ്ടായാൽ അതിന് ഉത്തരവാദി സ്ത്രീ തന്നെയാണെന്ന് കുറ്റപ്പെടുത്തുന്ന വിധത്തിലാണ് ഈ സർക്കുലർ’ എന്നെല്ലാം സോഷ്യൽ മീഡിയയിലും വിമർശനം ഉയർന്നു.

Related posts

വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ സ്വിച്ച് ഓണായി; യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു

Aswathi Kottiyoor

സർക്കാർ ഇടപെടൽ: കേരളത്തിൽ വാഹനാപകട മരണം കുറയുന്നു

Aswathi Kottiyoor

നിയമസഭയില്‍ മോദി ശൈലി അനുവദിക്കില്ല; തദ്ദേശ മന്ത്രിയുടെ വാദങ്ങള്‍ പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്

Aswathi Kottiyoor
WordPress Image Lightbox