കൊച്ചി: വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാനുളള പണം കണ്ടെത്താന്‍ കൊച്ചി നഗരത്തില്‍ ഡിവൈഎഫ്ഐ നടത്തുന്ന തട്ടുകടയെ ചൊല്ലി രാഷ്ട്രീയ വിവാദം. തട്ടുകടയുടെ ലൈസന്‍സ് ചോദ്യം ചെയ്തതിന്‍റെ പേരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തന്നെ അപമാനിച്ചെന്നും ഇതിനെ എതിര്‍ത്തയാളെ മര്‍ദിച്ചെന്നും ബിജെപി കൗണ്‍സിലര്‍ പദ്മജ എസ് മേനോന്‍ ആരോപിച്ചു. എന്നാല്‍ ആരെയും മര്‍ദിച്ചിട്ടില്ലെന്നും ഡിവൈഎഫ്ഐയുടെ ഉദ്യമത്തെ അലങ്കോലമാക്കാനാണ് ബിജെപി കൗണ്‍സിലറുടെ ശ്രമമെന്നും ഡിവൈഎഫ്ഐ നേതൃത്വവും പ്രതികരിച്ചു.
എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനു സമീപം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ സ്നേഹത്തിന്‍റെ തട്ടുകടയാണ് തര്‍ക്കത്തിന്‍റെ തട്ടുകടയായി മാറിയത്. തട്ടുകടയ്ക്ക് നഗരസഭയില്‍ നിന്ന് ലൈസന്‍സ് എടുത്തിട്ടുണ്ടോ എന്ന ചോദ്യവുമായാണ് ഡിവിഷന്‍ കൗണ്‍സിലറായ ബിജെപി നേതാവ് പദ്മജ എസ് മേനോന്‍ കഴിഞ്ഞ ദിവസം വൈകിട്ട് കടയില്‍ എത്തിയത്. തട്ടുകടയില്‍ ഗാര്‍ഹിക ഉപയോഗത്തിനു നല്‍കുന്ന ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചുളള പാചകവും താന്‍ ചോദ്യം ചെയ്തെന്ന് പദ്മജ പറയുന്നു. ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്തതിന്‍റെ പേരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇത് ചോദ്യം ചെയ്ത വഴി യാത്രക്കാരനായ സര്‍ക്കാര്‍ ജീവനക്കാരനെ വളഞ്ഞിട്ടു തല്ലിയെന്നുമാണ് പദ്മജയുടെ ആരോപണം.
എന്നാല്‍ മര്‍ദനമേറ്റയാളുടെ പേരോ മറ്റു വിവരങ്ങളോ പദ്മജ പരസ്യമാക്കാന്‍ തയാറായിട്ടില്ല. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണി ഉളളതിനാലാണ് ഈ ആളുടെ പേര് പറയാത്തതെന്നാണ് ബിജെപി നേതാവിന്‍റെ വിശദീകരണം. എന്നാല്‍ ഇത്തരമൊരു മര്‍ദനമേ ഉണ്ടായിട്ടില്ലെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ പ്രതികരിച്ചു. വയനാടിനെ സഹായിക്കാനായുളള ഡിവൈഎഫ്ഐ ഉദ്യമം അലങ്കോലമാക്കാനാണ് ബിജെപി കൗണ്‍സിലര്‍ ശ്രമിച്ചതെന്നും ഡിവൈഎഫ്ഐ നേതൃത്വം പറയുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മോശം പെരുമാറ്റത്തെ പറ്റി പദ്മജ എസ് മേനോന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി. ഡിവൈഎഫ്ഐ നടത്തുന്ന തട്ടുകടയില്‍ നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന നടത്തിയെങ്കിലും പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.