കറാച്ചി: പാരീസ് ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയെ മറികടന്ന് സ്വര്‍ണം നേടിയ പാക് താരം അര്‍ഷാദ് നദീമിന് ഭാര്യ അയേഷയുടെ പിതാവ് സമ്മാനമായി നല്‍കിയത് എരുമയെ. അര്‍ഷാദിന്‍റെ ഭാര്യ പിതാവായ മുഹമ്മദ് നവാസാണ് ഒളിംപിക് ചാമ്പ്യന് എരുമയെ സമ്മാനമായി നല്‍കിയത്. തങ്ങളുടെ വിഭാഗത്തില്‍ എരുമയെ സമ്മാനം നല്‍കുന്നത് വലിയ ആദരമാണെന്ന് നവാസ് പറഞ്ഞു.
പാരമ്പര്യമായി എരുമയെ സമ്മാനമായി നല്‍കുക എന്നത് ഞങ്ങളുടെ വിഭാഗത്തിലെ വലിയൊരു ആചാരമാണ്. ആറ് വര്‍ഷം മുമ്പ് തന്‍റെ മകളെ വിവാഹം കഴിക്കുമ്പോള്‍ അര്‍ഷാദ് നദീം ചെറിയ ജോലികൾ ചെയ്ത് ജീവിതച്ചെലവ് കണ്ടെത്താന്‍ പോലും പാടുപെടുകയായിരുന്നു. പക്ഷെ അന്നും അദ്ദേഹത്തിന് സ്പോര്‍ട്സിനോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നു. വീട്ടിലായിരിക്കുമ്പോഴും ജാവലിന്‍ പരിശീലനം തുടരുമായിരുന്നുവെന്നും നവാസ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പഞ്ചാബിലെ ചെറിയൊരു ഗ്രാമമായ ഖനേവാളില്‍ നിന്ന് വരുന്ന നദീം ഇപ്പോഴും മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. ജാവലിൻ വാങ്ങാൻ പണം ഇല്ലാതെ ബുദ്ധിമുട്ടിയ ദിവസങ്ങൾ അർഷാദ് മറികടന്നിട്ടും അധികം നാളായിട്ടില്ല. നദീം അയേഷ ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്നു വന്നാണ് നദീം ഒളിംപിക്സില്‍ സ്വര്‍ണം നേടി രാജ്യത്തിന്‍റെ അഭിമാനമായത്. ഒളിംപിക്സ് ചരിത്രത്തില്‍ പാകിസ്ഥാന്‍ നേടുന്ന ആദ്യ വ്യക്തിഗത സ്വര്‍ണം കൂടിയാണിത്.