തൃശൂര്‍: സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തി ഗുരുവായൂര്‍ പൊലീസിന്‍റെ പിടിയിലായ പ്രതിയുമായി തെളിവെടുപ്പ്. ഭണ്ഡാരം സജീഷ് എന്നറിയപ്പെടുന്ന എടപ്പാള്‍ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷി (43) നെയാണ് തെളിവെടുപ്പിന് എത്തിച്ചത്. വൈലത്തൂര്‍ തൃക്കണമുക്ക് ക്ഷേത്രത്തിലായിരുന്നു തെളിവെടുപ്പ്.
ക്ഷേത്രത്തിന് മുന്‍ വശത്തെയും പിന്‍ഭാഗത്തെയും ചുറ്റമ്പലത്തിലെയും അടക്കം അഞ്ച് ഭണ്ഡാരങ്ങള്‍ പൊളിച്ച് പണം കവര്‍ന്നിരുന്നു. ഓഫീസ് റൂമിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി അലമാരയുടെ പൂട്ട് തകര്‍ത്ത് ലോക്കറില്‍നിന്ന് ചാവി എടുത്തായിരുന്നു മോഷണം. ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൊളിച്ചാണ് മോഷ്ടാവ് ചുറ്റമ്പലത്തിനകത്ത് കയറിയത്. പുലര്‍ച്ചെ ക്ഷേത്രം തുറക്കാന്‍ വന്ന പൂജാരിയാണ് മോഷണം വിവരം അറിഞ്ഞത്.
സംഭവത്തിനുശേഷം കര്‍ണാടകയിലും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്ന സജീഷ്, സുല്‍ത്താന്‍ ബത്തേരിയിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോവിനു രഹസ്യ വിവരം ലഭിച്ചു. ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ടി.എസ്. സിനോജിന്റെ നിര്‍ദേശാനുസരണം തൃശൂര്‍ സിറ്റി സ്‌ക്വാഡും ഗുരുവായൂര്‍ പോലീസും ചേര്‍ന്ന് സുല്‍ത്താന്‍ ബത്തേരി പോലീസിന്റെ സഹായത്താല്‍ നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. സ്വകാര്യ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സജീഷിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോൾ ലോഡ്ജിന്റെ രണ്ടാം നിലയിലുള്ള റൂമിന്റെ ജനല്‍ ചില്ല് തകര്‍ത്തു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്.