മുംബൈ: വളർത്തുനായ ഉയരത്തിൽ നിന്ന് ശരീരത്തിലേക്ക് വീണ് നാല് വയസുകാരിക്ക് ദാരുണ മരണം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. അഞ്ചാം നിലയിൽ നിന്നാണ് നായ കെട്ടിടത്തിന് മുൻവശത്തെ റോഡിലേക്ക് വീണത്. സംഭവത്തിൽ നായയുടെ ഉടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
താനെ നഗരത്തിലെ മുംബ്ര പ്രദേശത്ത് ചൊവ്വാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയോടെ നായയുടെ ഉടമസ്ഥനെ അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പേർക്കെതിരെ കൂടി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെട്ടിടത്തിന് തൊട്ടുതാഴെയുള്ള റോഡിലൂടെ ഒരു സ്ത്രീയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന നാല് വയസുകാരിയുടെ ശരീരത്തിലേക്കാണ് അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ നായ പതിച്ചത്. കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആളുകൾ ഓടിക്കൂടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അന്നു തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
നായ താഴേക്ക് വിഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആദ്യം അപകട മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കൂടുതൽ അന്വേഷണം നടത്തിയ ശേഷം ഭാരകീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം അശ്രദ്ധ കൊണ്ടുണ്ടായ മരണം, മനഃപൂർവമല്ലാത്ത നരഹത്യ, മൃഗങ്ങളെ അശ്രദ്ധമായി കൈകാര്യം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ കൂടി ചുമത്തി. നായയുടെ ഉടമയ്ക്ക് പുറമെ മറ്റ് മൂന്ന് പേർ കൂടി കേസിൽ പ്രതികളാണ്.