23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • അങ്കമാലി ശബരിപാതയില്‍ അലംഭാവം ഉണ്ടായിട്ടില്ല,കേന്ദ്ര മന്ത്രിയുടെ മറുപടി തെറ്റിദ്ധാരണാജനകമെന്ന് കേരളം
Uncategorized

അങ്കമാലി ശബരിപാതയില്‍ അലംഭാവം ഉണ്ടായിട്ടില്ല,കേന്ദ്ര മന്ത്രിയുടെ മറുപടി തെറ്റിദ്ധാരണാജനകമെന്ന് കേരളം


തിരുവനന്തപുരം: അങ്കമാലി-ശബരി റെയില്‍പ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെvന്‍റില്‍ നല്‍കിയ മറുപടി തെറ്റിദ്ധാരണാജനകമാണെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറിഹമാന്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ റെയില്‍ വികസന പദ്ധതികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ വളരെ സജീവമായ പിന്തുണയാണ് നല്‍കിവരുന്നത്. അങ്കമാലി -ശബരി പാതയുടെ കാര്യത്തിലും ഈ പിന്തുണ വ്യക്തമാണ്.

1997-98 ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി -ശബരി പാത.അലൈന്‍മെന്റ് അംഗീകരിക്കുകയും അങ്കമാലി മുതല്‍ രാമപുരം വരെയുള്ള 70 കിലോ മീറ്ററില്‍ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങുകയും ചെയ്തതതാണ്. പദ്ധതി ചിലവിന്‍റെ 50% സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് ഉറപ്പു നല്‍കിയതാണ്. എന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാതെ കേന്ദ്രം അലംഭാവം കാണിക്കുകയായിരുന്നു. പദ്ധതി നീണ്ടുപോയതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കണം. കാലതാമസം കാരണം എസ്റ്റിമേറ്റില്‍ വന്‍ വര്‍ദ്ധനവുണ്ടായി. ആദ്യ എസ്റ്റിമേറ്റ് പ്രകാരം ചെലവ് 2815 കോടിയായിരുന്നു. എന്നാല്‍, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3811 കോടിയായി. 36 ശതമാനം വര്‍ദ്ധന. ഇതിന്റെ ഭാരവും സംസ്ഥാനം സഹിക്കാനാണ് ആവശ്യപ്പെടുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധത്തില്‍ ദേശീയപാതാ വികസനത്തിന്റെ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

പദ്ധതി പുനരുജ്ജീവിപ്പിക്കാനും ആവശ്യമായ തുക ബജറ്റില്‍ വകയിരുത്താനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ 18.09.2021 ന് കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. 2021 ഒക്‌ടോബറില്‍ റെയില്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചു. അങ്കമാലി- ശബരിപാത ഉള്‍പ്പെടെയുള്ള വിവിധ റെയില്‍വേ പദ്ധതികളുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടലിനായി 30.06.2023 ന് കത്തെഴുതിയിട്ടുണ്ട്. 2021 മുതല്‍ സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. 17.08.2022 ന് റെയില്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും വിഷയം ഉന്നയിച്ചു. പുതിയ കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 21.06.2024 ന് കേന്ദ്ര മന്ത്രിയ്ക്ക് വിശദമായ കത്തയച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവുമാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. എന്നാല്‍, ഒരനക്കവും ഉണ്ടാകുന്നില്ല.

കടമെടുക്കാനുള്ള സംസ്ഥാനത്തിന്റ നിയമപരമായ അവകാശം തടയുകയും കിഫ്ബി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഫണ്ട് എന്നിവയുടെ ബാധ്യത കൂടി കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന് തുരങ്കംവെക്കുകയാണ്. ചെങ്ങന്നൂര്‍-പമ്പ റെയില്‍പാത ഉള്‍പ്പെടെ ഒരു പുതിയ പദ്ധതിയ്ക്കും സംസ്ഥാനം എതിരല്ല. എന്നാല്‍, നേരത്തെ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാതെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. ചെങ്ങന്നൂര്‍-പമ്പ പാത നിര്‍മ്മാണത്തിന് സംസ്ഥാന വിഹിതം നല്‍കാമെന്ന് എന്തെങ്കിലും ഉറപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണോ ആ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ ചോദിച്ചു.കിഫ്ബിയുടെ ബാധ്യത സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും ഒഴിവാക്കിയാല്‍ ശബരി പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള ചിലവിന്റെ 50% സംസ്ഥാനം വഹിക്കാന്‍ സന്നദ്ധമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി.

Related posts

ചെങ്ങളായി പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ ഉത്തരവ്*

Aswathi Kottiyoor

പരസ്പരം അസഭ്യം പറഞ്ഞ് ഭക്ഷണം കഴിക്കാനെത്തി യുവാക്കൾ,ഇടപെട്ട് നാട്ടുകാരൻ;തൃശൂരില്‍ ഹോട്ടലിൽ കൂട്ടയടി

Aswathi Kottiyoor

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ താന്‍ നിരപരാധിയെന്ന് ജിം ഷാജഹാന്‍; വീട് തല്ലിപ്പൊളിച്ച് നാട്ടുകാര്‍

Aswathi Kottiyoor
WordPress Image Lightbox