കോഴിക്കോട്: വയനാട് ദുരന്ത ബാധിതരായ 100 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്ത് യേനെപോയ കൽപിത സർവകലാശാല. ദുരന്ത ബാധിത കുടുംബങ്ങളിൽ പെട്ട തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ 100 വിദ്യാർഥികൾക്ക് വരെ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് യേനെപോയ കല്‍പിത സര്‍വകലാശാല ചാൻസലർ അബ്ദുല്ലക്കുഞ്ഞി അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എൻനാട് വയനാട് ലൈവത്തോണ്‍ പരിപാടിയുടെ ഭാഗമായാണ് യേനെപോയ സര്‍വകലാശാല പിന്തുണ വാഗ്ദാനം ചെയ്തത്.
എംബിബിഎസ്, ബിഡിഎസ്, ഫിസിയോ തെറാപ്പി, നഴ്സിങ്, എൻജിനിയറിങ്, തുടങ്ങി വിവിധ മെഡിക്കൽ – പാരാമെഡിക്കൽ പ്രഫഷണൽ ബിരുദ കോഴ്സുകളിൽ ഉൾപ്പെടെയാണ് സൗജന്യ വിദ്യാഭ്യാസം നൽകുക. ദുരന്ത ബാധിത കുടുംബങ്ങളിലെ നിലവിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾ, യേനെപോയ സർവകലാശാല വാഗ്ദാനം ചെയ്യുന്ന കോഴ്സുകളിൽ പ്രവേശനത്തിന് സർക്കാർ നിശ്ചയിച്ച യോഗ്യത നേടുന്ന മുറക്ക് അവർക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കും.
യേനെപോയ കൽപിത സർവകലാശാലക്കം യേനെപോയ ഗ്രൂപ്പിനും കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായിരിക്കും ഇവർക്ക് പ്രവേശനം നൽകുക. ഫീസ്, ഭക്ഷണം, താമസം തുടങ്ങിയവയെല്ലാം സൗജന്യമായി ലഭ്യമാക്കും. സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് ഏറ്റവും അർഹരായവരെ കണ്ടെത്തി സൗജന്യ വിദ്യാഭ്യസം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് യേനെപോയ അധികൃതർ വ്യക്തമാക്കി.