കൽപറ്റ: ഉരുൾപൊട്ടൽ തകർത്തുകളഞ്ഞ വെള്ളാർമല ജി വി എച്ച് എസ് എസ് സ്കൂളിലേക്ക് ഇന്ന് ഉണ്ണിക്കൃഷ്ണൻ മാഷ് ഇന്ന് വീണ്ടുമെത്തി. 17 വർഷമായി ഈ സ്കൂളിലെ മലയാളം മാഷാണ് ഇദ്ദേഹം. ഈ സ്കൂളിലെ അമ്പതോളം വിദ്യാർത്ഥികളെ നഷ്ടപ്പെട്ടതായാണ് വിവരം. പ്രിയപ്പെട്ട കുട്ടികളെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലും വേദനയിലുമാണ് ഇവിടുത്തെ ഓരോ അധ്യാപകരും. പ്രകൃതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ഓരോ വിദ്യാർത്ഥിയെയും പഠിപ്പിച്ച അധ്യാപകർ കൂടിയായിരുന്നു ഇവർ.
‘ഞങ്ങൾക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. ഞങ്ങളൊരുപാട് സ്നേഹിച്ച് വളർത്തിയ മക്കളാണ്. നമ്മള് പ്രതീക്ഷിക്കാത്ത ഈ കാഴ്ചകൾ കാണുമ്പോൾ വളരെയധികം സങ്കടമുണ്ട്.’ അധ്യാപകരിലൊരാളുടെ വാക്കുകളിങ്ങനെ. ”ഈ ലോകത്ത് നന്മയുള്ളവരൊക്കെ മരിച്ചു പോകും. തിന്മയുള്ളോരൊക്കെ ജീവിക്കട്ടെ. എനിക്കൊന്നും പറയാനില്ല. പ്രകൃതിയെ നശിപ്പിക്കരുത് മക്കളേന്ന് പറഞ്ഞ്. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളൊക്കെ നടത്തിയ മക്കളാണ്. അവരെ പ്രകൃതി തന്നെ കൊണ്ടുപോയി. ഇതൊരു സ്വർഗമായിരുന്നു. എനിക്കൊന്നും പറയാനില്ല.” പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ഉണ്ണിക്കൃഷ്ണൻ മാഷിന്റെ പ്രതികരണം. കുഞ്ഞുങ്ങളെ മക്കളായി കണ്ട് സ്നേഹിച്ച്, പഠിപ്പിച്ച ഒരു കൂട്ടം അധ്യാപകരാണ്, കണ്ണീരോടെ നെഞ്ചു തകർന്ന് വയനാട്ടിലെത്തിയത്.