മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ദ്ധപരിശീലനം ലഭിച്ച മായ, മര്‍ഫി, ഏയ്ഞ്ചല്‍ എന്നീ പോലീസ് നായ്ക്കളാണ് പ്രകൃതിയോട് പടവെട്ടി അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നത്. തിരച്ചിലിനെത്തിയ ആദ്യ ദിവസം തന്നെ 15ലധികം മൃതശരീരങ്ങള്‍ കണ്ടെത്തുന്നതിന് ആവശ്യമായ സൂചനകള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ ഈ നായ്ക്കള്‍ക്ക് കഴിഞ്ഞു.
തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ നിന്ന് വിദഗ്ദ്ധ പരിശീലനം നേടിയ ശേഷം 2020ലാണ് മര്‍ഫിയും മായയും ഏയ്ഞ്ചലും കേരള പോലീസിന്‍റെ ഭാഗമായത്. പ്രമാദമായ നിരവധി അന്വേഷണങ്ങളില്‍ മൂവരും കേരള പോലീസിനൊപ്പം നിന്നു. പരിശീലനത്തിനുശേഷം മര്‍ഫിയും മായയും കൊച്ചി സിറ്റി പോലീസിലേയ്ക്ക് പോയപ്പോള്‍ ഇടുക്കി പോലീസിലേയ്ക്കായിരുന്നു എയ്ഞ്ചലിന് നിയമനം ലഭിച്ചത്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇടുക്കി ജില്ലയിലെ പെട്ടിമുടിയില്‍ സമാനമായ ദുരന്തം ഉണ്ടായപ്പോള്‍ മണ്ണിനടിയില്‍ നിന്ന് നിരവധി മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ ഈ മൂന്നു നായ്ക്കളും രക്ഷാപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായെത്തി. ഇലന്തൂര്‍ നരബലി കേസിന്‍റെ അന്വേഷണത്തിലും ഇവയുടെ സേവനം പോലീസ് പ്രയോജനപ്പെടുത്തി.
നിലവില്‍ ചൂരല്‍മല, മുണ്ടക്കൈ മുതലായ ദുരന്തബാധിത പ്രദേശങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയിലാണ് മര്‍ഫിയും മായയും. മലപ്പുറം ജില്ലയിലെ ദുരന്തബാധിത മേഖലയിലാണ് ഇപ്പോള്‍ എയ്ഞ്ചലിന്‍റെ സേവനം. പ്രഭാത്. പി, മനേഷ് കെ.എം, ജോര്‍ജ് മാനുവല്‍ കെ.എസ്, ജിജോ റ്റി. ജോണ്‍, അഖില്‍.റ്റി എന്നിവരാണ് മൂവരുടെയും ഹാന്‍ഡ്ലര്‍മാര്‍.