24.2 C
Iritty, IN
July 25, 2024
  • Home
  • Uncategorized
  • കളിയിക്കാവിള കൊലപാതകം; ഒളിവിലുള്ള സുനിൽകുമാറിന്റെ കാർ കണ്ടെത്തി പൊലീസ്
Uncategorized

കളിയിക്കാവിള കൊലപാതകം; ഒളിവിലുള്ള സുനിൽകുമാറിന്റെ കാർ കണ്ടെത്തി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള രണ്ടാം പ്രതി സുനിൽകുമാറിന്റെ കാർ കണ്ടെത്തി. കന്യാകുമാരി കുലശേഖരത്ത് റോഡ് വശത്ത് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്ത് തക്കല ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. അതേ സമയം ഒളിവിലുള്ള സുനിൽകുമാറിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി. സുനിൽകുമാർ തമിഴ്നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു.

ഗൂഡാലോചനയിൽ പൂവാർ പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം സുനിലും പ്രേമചന്ദ്രനും അമ്പിളിയും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനായി അമ്പിളിയെ കൊണ്ടുവിട്ടത് സുനിലും പ്രേമചന്ദ്രനും കൂടിയാണ് എന്നും പൊലീസ് പറയുന്നു. ഇരുവരുടെയും നിർദേശപ്രകാരമാണോ അമ്പിളി കൊല നടത്തിയതെന്നാണ് പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്.

ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനിലാണ് മുഖ്യപ്രതി ചൂഴാറ്റുകോട്ട അമ്പിളിക്ക് കൊല നടത്താനുള്ള സർജിക്കൽ ബ്ലേഡ്, ക്ലോറോഫോം, കൈയുറകൾ, കൊലക്കുശേഷം മാറ്റാനുള്ള വസ്ത്രങ്ങൾ എന്നിവ എത്തിച്ചു നൽകിയിരുന്നത്. ജെസിബി വാങ്ങാൻ കാറിൽ കരുതിയിരുന്ന പണം മാത്രം തട്ടി എടുക്കുകയാണോ പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഇവർക്ക് ഉണ്ടോ എന്നതാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്.

വ്യാഴാഴ്ച്ചയാണ് കൊലപാതകം ക്വട്ടേഷനാണെന്ന് മുഖ്യപ്രതി അമ്പിളി സമ്മതിച്ചത്. കൊല്ലപ്പെട്ട ദീപു പറഞ്ഞിട്ടാണ് കൊല ചെയ്തതതെന്നും ഇൻഷുറൻസ് തുക നേടിയെടുക്കുന്നതിന്റെ ഭാഗമാണ് കൊല നടത്തിയത് എന്നുമായിരുന്നു അമ്പിളി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. അമ്പിളിയുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് കൂടുതൽ ചോദ്യം ചെയ്യലുകളിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം അമ്പിളിയുടെ ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. അമ്പിളിയുടെ വീടായ മലയത്തും കാറിൽ കയറിയ നെയ്യാറ്റിൻകരയിലും കൃത്യം നടത്തിയ കളിക്കാവിള ഒറ്റാമരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പ്രതി അമ്പിളിയെ, കന്യാകുമാരി എസ് പി സുന്ദരവദനത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്. അമ്പിളിയെ വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രി 11 ഓട് കൂടി അമിത ശബ്ദത്തില്‍ ഇരമ്പിച്ച് കൊണ്ട് റോഡരികില്‍ നില്‍ക്കുന്നത് കണ്ട് കാർ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ഡ്രൈവിങ് സീറ്റില്‍ കഴുത്ത് മുറിഞ്ഞ നിലയില്‍ ദീപുവിന്റെ മൃതദേഹം കണ്ടത്. കത്തിയും കണ്ടെത്തിയിരുന്നു. പുറകിലത്തെ സീറ്റില്‍നിന്ന് ഒരാള്‍ ബാഗുമായി ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. മണ്ണുമാന്തിയന്ത്രങ്ങളുടെ വര്‍ക്ക്ഷോപ്പും സ്പെയര്‍ പാര്‍ട്സ് കടയും നടത്തുന്ന ആളാണ് ദീപു. മണ്ണുമാന്തിയന്ത്രം വാങ്ങാന്‍ കോയമ്പത്തൂരിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ ദീപു വീട്ടില്‍ നിന്ന് ഇറങ്ങിയത്.

Related posts

കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവ് സഹായം തേടുന്നു

Aswathi Kottiyoor

രാത്രി പത്ത് മണിയോടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു, വീട്ടിനകത്തുണ്ടായിരുന്നു അച്ഛനും മകനും രക്ഷപ്പെട്ടു

Aswathi Kottiyoor

പ്ലസ് വൺ പ്രവേശനം; താത്കാലിക അധിക ബാച്ചുകൾ അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox