24.8 C
Iritty, IN
July 17, 2024
  • Home
  • Uncategorized
  • മക്കിമലയിൽ ഉഗ്രശേഷിയുള്ള കുഴിബോംബ്: മാവോയിസ്റ്റ് കവിതയുടെ മരണത്തിൽ പകരം ചോദിക്കാൻ? നിരീക്ഷണം ശക്തമാക്കി
Uncategorized

മക്കിമലയിൽ ഉഗ്രശേഷിയുള്ള കുഴിബോംബ്: മാവോയിസ്റ്റ് കവിതയുടെ മരണത്തിൽ പകരം ചോദിക്കാൻ? നിരീക്ഷണം ശക്തമാക്കി

കൽപ്പറ്റ: തലപ്പുഴ മക്കിമലയിൽ കുഴിച്ചിട്ട നിലയിൽ സ്ഫോടക ശേഖരം കണ്ടെത്തിയ സംഭവത്തിൽ മാവോയിസ്റ്റുകളെ പ്രതിചേർത്ത് തലപ്പുഴ പോലീസ് കേസെടുത്തു. പ്രതികളുടെമേൽ യുഎപിഎ കുറ്റം ചുമത്തി. ബോംബ് സ്ഥാപിച്ചത് തണ്ടർബോൾട്ടിനെ അപായപെടുത്താനാണെന്നും എഫ്ഐആറിൽ പറയുന്നു. ബോംബ് നിയന്ത്രിത സ്ഫോടനാത്തിലൂടെ നിർവീര്യമാക്കി. പ്രദേശത്ത് തണ്ടർബോൾട് പരിശോധന ശക്തമാക്കി.

മക്കിമലയിൽ കണ്ടെത്തിയ ബോംബ് മാവോയിസ്റ്റുകൾ വച്ചതെന്ന നിലയിലാണ് പൊലീസ് അന്വേഷണം. മാവോയിസ്റ്റായിരുന്ന കവിതയുടെ മരണത്തിന് പകരം ചോദിക്കാനോ, ശക്തി തെളിയിക്കാനോ ആകാം ബോംബ് വച്ചതെന്നാണ് വിലയിരുത്തൽ. കണ്ണൂർ അയ്യൻ കുന്ന് ഉരുപ്പുകുറ്റിയിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റായ കവിതക്ക് വെടിയേറ്റരുന്നു. പിന്നാലെ മരിച്ചു. ഇതിന് പകരം ചോദിക്കുമെന്ന് മാവോയിസ്റ്റുകൾ തിരുനെല്ലിയിൽ പോസ്റ്ററും പതിച്ചു. അന്നാണ് മരണ വിവരവും വെളുപ്പെടുത്തിയത്. രക്തക്കടങ്ങൾ രക്തത്താൽ പകരം വീട്ടുമെന്നായിരുന്നി അന്നത്തെ പോസ്റ്റർ. കേരളത്തിൽ മാവോയിസ്റ്റുകൾ നാലുപേരായി ചുരങ്ങിയെന്ന റിപ്പോർട്ടുകുളുണ്ട്. ആളെണ്ണം കുറയുമ്പോഴും ശക്തരെന്ന് കാട്ടാനാണോ കുഴി ബോംബെന്ന് സംശിക്കുന്നുമുണ്ട്.

കബനി ദളത്തിൻ്റെ കമാൻഡർ സി.പി മൊയ്തീൻ ബോംബ് നിർമാണത്തിൽ പരിശീലനം ലഭിച്ചയാളെന്നതും പൊലീസ് ചേര്‍ത്ത് വായിക്കുന്നുണ്ട്. മക്കിമലയിൽ തണ്ടർബോൾട്ട് റോന്തു ചുറ്റുന്ന വഴിയിലാണ് ഉഗ്രശേഷിയുള്ള സ്ഫോടക ശേഖരം കണ്ടെത്തിയത്. മുപ്പത് മീറ്റർ അകലേക്ക് മണ്ണിനടിയിലൂടെ വലിച്ച വയറുകൾ ഒരു മരത്തിന് താഴെയാണ് അവസാനിക്കുന്നത്. ഒളിച്ചിരുന്ന് പ്രവര്‍ത്തിപ്പിക്കാൻ സാധിക്കുന്ന സ്ഫോടനമാണ് മാവോയിസ്റ്റുകൾ ആസൂത്രണം ചെയ്തതെന്ന് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് വിലയിരുത്തുന്നു.

ഛത്തീസ്‌ഗഡിലടക്കം തങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ മാത്രം മാവോയിസ്റ്റുകൾ പയറ്റുന്ന ഈ ആക്രമണം വയനാട്ടിൽ കണ്ടെത്തിയതിൽ പൊലീസും അമ്പരന്നിട്ടുണ്ട്. കബനി ദളത്തിൻ്റെ നേതാവ് സിപി മൊയ്തീന് ബോബ് നിർമാണം അറിയാമെന്നതിനാൽ ആ ദിശയിലാണ് അന്വേഷണം. 2014ൽ തിരുനെല്ലിയോട് ചേർന്നുള്ള കർണാടക അതിർത്തിയിൽ വച്ച് ബോംബുണ്ടാക്കുന്നതിനിടെയാണ് മൊയ്തീൻ്റെ ഒരു കൈപ്പത്തി തകർന്നത്. അന്നുണ്ടായ പൊട്ടിത്തെറിയിൽ മാവോയിസ്റ്റ് ഷിനോജ് കൊല്ലപ്പെട്ടിരുന്നു.
തിരുച്ചിറപ്പള്ളിയിലെ വെട്രിവേൽ എക്പ്ലോസീവ് എന്ന സ്ഥാപനത്തിൻ്റെ പേരുള്ള കവറിലാണ് അമോണിയം നൈട്രേറ്റ് എന്ന് കരുതുന്ന സ്ഫോടക വസ്തു കണ്ടെത്തിയത്. ബോംബുണ്ടാക്കുന്നതിനുള്ള സാധനങ്ങൾ കൊറിയര്‍ വഴിയാണോ മാവോയിസ്റ്റുകൾക്ക് ലഭിച്ചത്, അല്ല ക്വാറി ഉടമകളിൽ നിന്ന് കൈക്കലാക്കിയതാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ഒരു വർഷത്തിനിടെ പലപ്പോഴായി തണ്ടർബോൾട്ട് മാവോയിസ്റ്റ് ഏറ്റുമുട്ടൽ തലപ്പുഴ മേഖലയിൽ ഉണ്ടായിട്ടുണ്ട്. വനംവികസന കോർപ്പറേഷൻ അടിച്ചു തകർത്തതാണ് അതിൽ വലുത്. പിന്നാലെ നടത്തിയ ഓപ്പറേഷനിൽ ചന്ദ്രു, ഉണ്ണിമായ എന്നിവരെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് പിടികൂടിയിരുന്നു. ഏപ്രിൽ 24ന് തെരഞ്ഞെടുപ്പ് ബഹിഷ്കരണം ആവശ്യപ്പെട്ടാണ് മാവോയിസ്റ്റുകൾ ഒടുവിൽ എത്തിയത്. തലപ്പുഴ കമ്പമല, മക്കിമല മേഖല കബനി ദളത്തിൻ്റെ ഇഷ്ടമേഖലയായി ഇപ്പോഴും തുടരുന്നു എന്നുകൂടിയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. തിരുനെല്ലി വഴി കർണാടകത്തിലേക്കും പാൽചുരം വഴി കൊട്ടിയൂരും വാളാട് കുഞ്ഞോം വഴി ബാണാസുര കാടുകളിലേക്കും നീങ്ങാമെന്നതാണ് ആകർഷണം.

Related posts

അയ്യൻകുന്ന് പാലത്തിൻകടവിൽ തീപിടുത്തം; ഏഴ് ഏക്കറോളം സ്ഥലം കത്തി നശിച്ചു

Aswathi Kottiyoor

പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.

Aswathi Kottiyoor

ആരാടാ അത്, ഓടിക്കോ ഞാന്‍ അൽപം പിശകാ! ശൗര്യത്തോടെ കാറിനടുത്തേക്ക് പാഞ്ഞടുത്ത് കാട്ടാനകൾ,പിന്നാലെ സ്നേഹപ്രകടനം

Aswathi Kottiyoor
WordPress Image Lightbox