24.5 C
Iritty, IN
July 16, 2024
  • Home
  • Uncategorized
  • പയ്യോളി എക്സ്പ്രസ് പി.ടി. ഉഷയ്ക്ക് 60-ാം പിറന്നാൾ
Uncategorized

പയ്യോളി എക്സ്പ്രസ് പി.ടി. ഉഷയ്ക്ക് 60-ാം പിറന്നാൾ


ഗോൾഡൻ ഗേൾ ഓഫ് ഇന്ത്യ, പയ്യോളി എക്സ്പ്രസ് എന്നീ പേരിൽ അറിയപ്പെടുന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ ഇന്ത്യയിലെ ഏറ്റവും മികച്ച കായിക താരങ്ങളിൽ ഒരാളായിരുന്ന പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ എന്ന പി.ടി. ഉഷ. 1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടം നേടിയിട്ടില്ല. കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ 1964 ജൂൺ 27-ന് ജനിച്ചു. അച്ഛൻ പൈതൽ, അമ്മ ലക്ഷ്മി. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കണ്ണൂരിലെ‍ ജി.വി.രാജാ സ്പോർട്ട്സ് ഡിവിഷൻ സ്കൂളിൽ ചേർന്നു. ഒ.എം. നമ്പ്യാർ ആയിരുന്നു ഉഷയുടെ ആദ്യത്തെ പരിശീലകൻ. അദ്ദേഹം ഉഷയെ ഒരു മികച്ച അത്‌ലറ്റാക്കുന്നതിനു വേണ്ടി കഠിനപരിശ്രമം നടത്തി. പക്ഷെ അതിനു മുൻപ് തന്നെ തൃക്കോട്ടൂർ യു പി സ്കൂൾ കായികാധ്യാപകൻ ആയിരുന്ന ഇ.ബാലകൃഷ്ണൻ മാസ്റ്റർ ഉഷയിലെ കായിക താരത്തെ കണ്ടെത്തിയിരുന്നു.

1977 ൽ കോട്ടയത്ത് നടന്ന കായികമേളയിൽ ദേശീയ റിക്കാർഡ് നേടി. 13 സെക്കന്റുകൾ കൊണ്ടാണ് ഉഷ നൂറുമീറ്റർ ഓടിയെത്തിയത്. 13.1 എന്നതായിരുന്നു അതുവരെയുണ്ടായിരുന്നു ദേശീയ റെക്കോർഡ്.1978 ൽ നടന്ന ദേശീയ അത്‌ലറ്റിക് മീറ്റിൽ ഉഷ 4 സ്വർണ്ണമെഡലുകൾ കരസ്ഥമാക്കുകയുണ്ടായി. 13.3 സെക്കന്റിലാണ് ഈ മീറ്റിൽ ഉഷ 100 മീറ്റർ ഓടിയെത്തിയത്, കൂടാതെ ഹൈജംപിൽ 1.35 മീറ്റർ ചാടി ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. 1979 ൽ നാഗ്പൂരിൽ വെച്ചു നടന്ന ദേശീയ സ്കൂൾ കായികമേളയിൽ 2 ദേശീയ റെക്കോഡോടെ 4 സ്വർണ്ണമെഡലുകൾ നേടിയെടുത്തു. 12.8 സെക്കന്റിൽ 100 മീറ്റർ ഓടിയെത്തി അതുവരെ നിലവിലുണ്ടായിരുന്ന 3 വർഷം പഴക്കമുള്ള റെക്കോഡാണ് ഉഷ തിരുത്തിയത്. ഏതാനും സമയങ്ങൾക്കകം, തങ്കമ ആന്റണിയുടെ പേരിൽ നിലവിലുള്ള 200 മീറ്റർ റെക്കോഡും ഉഷ തന്റേതാക്കി തിരുത്തിയെഴുതി. 25.9 സെക്കന്റുകൊണ്ടാണ് ഉഷ 200 മീറ്റർ മത്സരം പൂർത്തിയാക്കിയത്.

1979 ൽ ഹൈദരാബാദിൽ വെച്ചു നടന്ന ദേശീയ അത്‌ലറ്റിക് മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 12.9 സെക്കന്റുകൾ കൊണ്ട് 100 മീറ്റർ ഓട്ടം പൂർത്തിയാക്കി സ്വർണ്ണമെഡൽ കരസ്ഥമാക്കി. 80 മീറ്റർ ഹർഡിൽസിൽ നിലവിൽ ജാനി സ്ഫിൻക്സിന്റെ പേരിലുള്ള 13.6 എന്ന സമയം തിരുത്തിയെഴുതി 13.5 സെക്കന്റുകൊണ്ട് ഉഷ മത്സരത്തിൽ ഒന്നാമതെത്തി. 200 മീറ്റർ ഓട്ടത്തിൽ മഹാരാഷ്ട്രയുടെ മെർട്ടിൻ ഫെർണാണ്ടസ് സ്ഥാപിച്ച 26.4 സെക്കന്റ് എന്ന സമയം, ഉഷ 26 സെക്കന്റ് സമയം കൊണ്ട് ഓടിയെത്തി പുതിയ റെക്കോഡ് സ്ഥാപിച്ചു. 1981 ൽ ഇരിങ്ങാലക്കുടയിൽ നടന്ന സംസ്ഥാന അമച്വർ അത്‌ലറ്റിക് മീറ്റിൽ 12.3 സെക്കന്റുൾ കൊണ്ടാണ് 100 മീറ്റർ ഓട്ടം പൂർത്തിയാക്കി. 12.9 സെക്കന്റുകൾ എന്ന തന്റെ തന്നെ റെക്കോഡാണ് ഉഷ തിരുത്തിയത്. 1980 ൽ കറാച്ചിയിൽ നടന്ന പതിനെട്ടാമത് പാകിസ്താൻ നാഷണൽ ഗെയിംസിൽ 4 സ്വർണ്ണ മെഡലുകൾ നേടി. 1980 ൽ നടന്ന മോസ്കോ ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഒളിമ്പിക്സിൽ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി. ഉഷയ്ക്ക് അന്ന് 16 വയസ്സ് ആയിരുന്നു. മോസ്കോ ഒളിമ്പിക്സിൽ ഉഷക്ക് ശോഭിക്കാൻ സാധിച്ചില്ല. ഒളിമ്പിക്സ് സാഹചര്യങ്ങളും, എതിരാളികളുടെ കടുത്ത മത്സര അഭിനിവേശവും, പരിശീലനത്തിന്റെ കുറവും, അന്താരാഷ്ട്ര സാഹചര്യങ്ങളിലുള്ള പരിചയക്കുറവും എല്ലാം ഉഷയുടെ പ്രകടനത്തെ പിന്നിലാക്കി. എന്നാൽ ഈ പുതിയ സാഹചര്യങ്ങളുമായുള്ള പരിചയപ്പെടൽ ഒരു പുതിയ ഉണർവ് ഉഷയിൽ സൃഷ്ടിച്ചു. ഉഷ തിരികെ വന്ന് പരിശീലകനായിരുന്ന നമ്പ്യാരുടെ കീഴിൽ കഠിനമായ പരിശീലനം ആരംഭിച്ചു. 1982 ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ ആദ്യത്തെ മെഡൽ നേടിയ വ്യക്തി ആയി. 1983 ൽ കുവൈറ്റിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലാണ് ഉഷ ആദ്യമായിട്ട് 400 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്നത്. 1984-ൽ ലോസ് ആഞ്ചൽസിൽ ഒളിമ്പിക്സിൽ അവസാനഘട്ട മത്സരത്തിലെത്തുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തി ആയി. 400 മീറ്റർ ഹർഡിൽസിൽ 55.42ൽ ഫിനിഷ് ചെയ്ത് നാലാമതെത്തി തലനാരിഴക്കാണ്‌ വെങ്കലമെഡൽ നഷ്ടമായത്. ഇന്ത്യൻ അത്‌ലറ്റിക് ചരിത്രത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന നിമിഷമായി രേഖപ്പെടുത്തുന്നത് ഉഷയുടെ ഈ മെഡൽ നഷ്ടംതന്നെയാണ്.

1960 ൽ മിൽഖാ സിങ് റോം ഒളിമ്പിക്സിൽ നടത്തിയതായിരുന്നു ഇതിനു മുന്നിലെ ഒരു ഇന്ത്യാക്കാരന്റെ മികച്ച പ്രകടനം. ലോസ് ആഞ്ചലസിലെ പ്രകടനം ഉഷയെ കൂട്ടിക്കൊണ്ടുപോയത് നിരവധി യൂറോപ്യൻ ഗ്രാൻഡ് പ്രീ മീറ്റുകളിലേക്കാണ്. വിവിധ യൂറോപ്യൻ മീറ്റുകളിലായി 4 വെള്ളിയും 5 വെങ്കലവും ഉഷയുടെ സമ്പാദ്യത്തിലുണ്ട് . ജക്കാർത്തയിൽ 1985 ൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 5 സ്വർണമെഡലും ഒരു വെങ്കല മെഡലും നേടി. 1986 ൽ ഏഷ്യൻ ഗെയിംസിൽ 4 സ്വർണമെഡൽ നേടി.1992 ൽ ബാഴ്സലോണ ഒളിമ്പിക്സ് ഒഴിച്ച് 1980 മുതൽ 1996 വരെ എല്ലാ ഒളിമ്പിക്സ് മത്സരത്തിലും പങ്കെടുത്തു. 1984-ൽ പദ്മശ്രീ ബഹുമതിയും അർജുന അവാർഡും ഉഷ കരസ്ഥമാക്കി 2000 -ൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. അത്‌ലറ്റിക്സിൽ ഭാവി വാഗ്ദാനങ്ങളെ രൂപപ്പെടുത്തിയെടുക്കാൻ ഉഷ ആരംഭിച്ച പദ്ധതിയാണ് ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ്. ഇരുപതുകോടി ഇന്ത്യൻ രൂപ മുടക്കിയാണ് ഈ വിദ്യാലയം ഉഷ ആരംഭിച്ചത്. അത്യാധുനിക സൗകര്യങ്ങളുള്ള ഒരു കായിക വിദ്യാലയം ആണ് ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ്. 50 കുട്ടികൾക്കു താമസിച്ചു പഠിക്കാവുന്ന സൗകര്യങ്ങൾ നിലവിൽ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിൽ ഉണ്ട്. ടിന്റു ലൂക്കയെപ്പോലുള്ള അന്താരാഷ്ട്ര താരങ്ങൾ പിറവിയെടുത്തത് ഈ കായിക വിദ്യാലയത്തിൽ നിന്നുമാണ്. 2015 ഓക്‌ടോബറിൽ കേന്ദ്ര സ്പോർട്സ് കൗൺസിൽ അംഗമായി.

Related posts

മച്ചാട് മാമാങ്കം; പതിവ് തെറ്റിക്കാതെ അബ്ദുള്‍ റസാഖ്, പൊയ്ക്കുതിരകളെ ഒരുക്കാന്‍ വൈക്കോല്‍ തയ്യാർ

Aswathi Kottiyoor

ഐപിസിയും സിആർപിസിയും ഇനി ചരിത്രത്തിന്‍റെ ഭാഗം; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

Aswathi Kottiyoor

റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം നാളെ

Aswathi Kottiyoor
WordPress Image Lightbox