തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. മരിച്ചത് വർക്കല സ്വദേശി അനുലാല്‍ (45) ആണെന്ന് വര്‍ക്കല പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ 13 ന് വീട്ടില്‍ നിന്നും കാണാതായ ആളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് വർക്കല പുത്തൻചന്തയില്‍ ഓടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
വർക്കല പുത്തൻ ചന്തയിലെ സ്വകാര്യ ആശുപത്രിക്ക് മുൻഭാഗത്തുള്ള ഓടയിൽ ആണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സമീപത്തെ കരിക്ക് വിൽപ്പനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന വിവരം മാത്രമായിരുന്നു ആദ്യം ലഭിച്ചിരുന്നത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. സംഭവത്തില്‍ വര്‍ക്കല പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് യുവാവിനെ തിരിച്ചറിഞ്ഞത്.