ബുധനാഴ്ച ഭവ്യയും അമ്മ രത്നമ്മയും (46) ഇരുചക്ര വാഹനത്തിൽ പെട്രോൾ വാങ്ങാൻ എത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ ഭവ്യ മോട്ടർ ബൈക്കിൽ ഇരിക്കുന്നതും അമ്മ സമീപത്തു നിൽക്കുന്നതും വ്യക്തമാണ്. പെട്രോൾ പമ്പ് ജീവനക്കാരൻ പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറയ്ക്കുമ്പോൾ ഭവ്യ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും കാണാം. ഇതിനിടെയാണ് പെട്ടെന്ന് തീപടർന്നത്.
മൊബൈൽ ഫോണിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് സൂചന. ഗുരുതരമായി പരുക്കേറ്റ ഭവ്യ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. അമ്മ രത്നമ്മയ്ക്ക് സാരമായ പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. സംഭവത്തിൽ ബഡവനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.