കൊച്ചി ∙ സിനിമ സെറ്റുകളില്‍ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ.സേതുരാമന്‍. സെറ്റുകളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. സെറ്റുകളില്‍ ഷാഡോ പൊലീസിന്‍റെ സാന്നിധ്യമുണ്ടാകും. ഇതുവരെ ആരില്‍നിന്നും പരാതി ലഭിച്ചിട്ടില്ല. സിനിമാക്കാരുടെ തുറന്നുപറച്ചില്‍ ശ്രദ്ധയില്‍പ്പെട്ടു. ഇത് സ്വാഗതാര്‍ഹമെന്നും സേതുരാമന്‍ പറഞ്ഞു.
മകനെ സിനിമയിൽ അഭിനയിക്കാൻ വിടാതിരുന്നത് ലഹരി ഉപയോഗിക്കുമെന്ന ഭയം മൂലമാണെന്നും, ലഹരി ഉപയോഗിച്ച് പല്ല് ദ്രവിച്ചുപോയ താരത്തെ തനിക്കറിയാമെന്നും നടൻ ടിനി ടോം തുറന്നടിച്ചത് വലിയ ചർച്ചയായിരുന്നു. താരങ്ങളുടെ ലഹരി ഉപയോഗത്തെ ന്യായീകരിക്കാനില്ലെന്ന നിലപാടിലാണ് താരസംഘടനയായ അമ്മ. സംഘടനയുടെ പുതിയ നിയമഭേദഗതിയിൽ, ജോലി ചെയ്യുമ്പോഴോ ജോലി സ്ഥലത്തോ മദ്യത്തിനോ ലഹരി മരുന്നിനോ അടിമപ്പെടാൻ പാടില്ലാത്തതാണെന്നും പൊതുസ്ഥലങ്ങളിൽ മോശമായി പെരുമാറരുതെന്നും നിർദേശമുണ്ട്.
കർശനമായ പരിശോധനകൾക്കുശേഷം മാത്രം പുതിയ അംഗങ്ങളെ സ്വീകരിച്ചാൽ മതിയെന്ന നിലപാടിലാണ് അമ്മ. 14 അംഗ എക്സിക്യൂട്ടീവ് ഏകകണ്ഠമായി അംഗീകരിച്ചാൽ മാത്രമേ ഇപ്പോൾ അംഗത്വം നൽകാൻ കഴിയൂ. പ്രശ്നങ്ങൾ ഉണ്ടായതിനു തൊട്ടുപിന്നാലെ ശ്രീനാഥ് ഭാസിയും മറ്റും അംഗത്വത്തിന് അപേക്ഷിച്ചെങ്കിലും മറുപടി നൽകിയിട്ടില്ല. ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉണ്ട് എന്നവകാശപ്പെട്ട നിർമാതാക്കൾ ഇക്കാര്യത്തിൽ പരസ്യമായ ഏറ്റുമുട്ടലിന് തൽക്കാലം തയാറല്ല.
ലഹരിക്കാരുമായി തൽക്കാലം അകലം പാലിക്കാനാണ് തീരുമാനം. എന്നാൽ സെറ്റിൽ പൊലീസോ എക്സൈസോ നിയമാനുസൃത പരിശോധന നടത്തിയാൽ എതിർക്കില്ല. താരങ്ങളുടെ ലഹരി ഉപയോഗത്തെ പരസ്യമായി എതിർത്ത സംഘടനകളുടെ മുൻ നിലപാടിൽനിന്ന് ഒരു സംഘടന പിന്നോട്ടു പോവുകയും ലഹരിക്കേസിൽ അറസ്റ്റിലായ നടനെ സംഘടനാ നേതാവ് വാഴ്ത്തിപ്പറയുകയും ചെയ്തതിൽ നിർമാതാക്കളിൽ ചിലർ അസ്വസ്ഥരാണ്.
ലഹരി ഉപയോഗം ഉണ്ടെന്ന് പറഞ്ഞവരെ ചേരിതിരിഞ്ഞ് ആക്രമിച്ച സംഭവങ്ങളുമുണ്ടായി. ലഹരി ഉപയോഗം സംബന്ധിച്ച് നിർണായക വിവരം കിട്ടിയ എക്സൈസ് സംഘം പ്രമുഖ നടന്റെ കാറിന്റെ അരികിൽ വരെയെത്തി എന്ന ബാബുരാജിന്റെ അഭിമുഖവും സജീവ ചർച്ചയാണ്. പലരും ലഹരി ഉപയോഗിക്കുന്നത് പരസ്യമായാണെന്നും ബാബു വെളിപ്പെടുത്തുന്നു. കൊച്ചി നഗരത്തിലെ ലഹരി ഇടപാടുകളെക്കുറിച്ച് വിശദമായി പഠിച്ച പൊലീസ് സംഘം 3000 ലേറെ കാരിയർമാരുടെ ഫോൺ നമ്പറുകൾ കണ്ടെത്തി. ഇവരുമായി സജീവമായി ഇടപെടുന്ന 300 പേരുടെ ചുരുക്കപ്പട്ടികയും തയാറാക്കി. ഇവയിലെല്ലാം സിനിമ പ്രവർത്തകരുടെ പേരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.