തിരുവനന്തപുരം
നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ “അപ്പോത്തിക്കിരി’ സ്റ്റാർട്ടപ് രൂപംനൽകിയ ഇന്ത്യയിലെ ആദ്യ അസിസ്റ്റഡ് റിയാലിറ്റി ആംബുലൻസ് “അപ്പോക്’ ശശി തരൂർ എംപി ഉദ്‌ഘാടനംചെയ്തു. ആസ്റ്റർ മെഡിസിറ്റിയുടെ സഹായത്തോടെയാണ് 5ജി ആംബുലൻസിന് രൂപംനൽകിയത്.
അപകടത്തിൽപ്പെട്ട രോഗിയുടെ പ്രാഥമിക ചികിത്സ ഉറപ്പുവരുത്താൻ ടെലി മെഡിക്കൽ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ലൈവായി ലോകത്തെവിടെയുമുള്ള വിദഗ്ധരുമായി ആംബുലൻസിലുള്ളവർക്ക് ബന്ധപ്പെടാനാകും. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രോഗിക്ക് ആവശ്യമായ പരിശോധനയും പ്രാഥമിക ചികിത്സയും ഇതിലൂടെ നൽകാം. അപ്പോക് സ്മാർട്ട് ഐ വെയർ ധരിച്ചാണ് ആംബുലൻസിലെ ഡോക്ടർ രോഗിയെ പരിചരിക്കുക. ഡോക്ടർ രോഗിയെ നോക്കുന്നതോടെ അതിലെ ക്യാമറക്കണ്ണുകൾവഴി ദൂരെയുള്ള ഡോക്ടർമാർക്കും ദൃശ്യം ലഭ്യമാക്കും. ഏകദേശം രണ്ടരക്കോടി രൂപ ആംബുലൻസിന് ചെലവായി
സംസ്ഥാനത്തെ മുഴുവൻ ജില്ലയിലും ഓരോ ആംബുലൻസ് വീതം സജ്ജമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇസിജി, സ്കാനിങ്, വീൽച്ചെയർ, രക്തബാങ്ക്, വെന്റിലേറ്ററിന്റെ ആധുനിക രൂപമായ എക്‌മോ, ക്രാഷ് കാർട് ഡോർ അടക്കമുള്ള എല്ലാ സൗജന്യവും ആംബുലൻസിൽ തന്നെയുണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ്.
അപ്പോത്തിക്കിരി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. നദീം ഷാ ഹംസത്, ഡയറക്ടർമാരായ മുനീബ് അബ്ദുൾ മജീദ്, ഹൈദർ ഷെഹൻഷ, ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ തുടങ്ങിയവരും പങ്കെടുത്തു.