24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • ലഹരിമരുന്ന്: അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തി- എം ബി രാജേഷ്
Kerala

ലഹരിമരുന്ന്: അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തി- എം ബി രാജേഷ്

അധിക ലഹരി മരുന്നുകളും സംസ്ഥാനത്തിന് പുറത്തു നിന്നും വരുന്നതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാക്കുന്നതിനോടൊപ്പം പൊലീസ് ഡോഗ്‌സ്‌ക്വാഡിന്റെ സേവനവും മയക്കുമരുന്നു കടത്ത് പരിശോധിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്.

ചെക്ക് പോസ്റ്റുകള്‍ ഇല്ലാത്ത അതിര്‍ത്തി റോഡുകളില്‍ മൊബൈല്‍ പട്രോളിംഗ് യൂണിറ്റുകള്‍ വാഹന പരിശോധന ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 14 ചെക്ക്‌പോസ്റ്റുകളില്‍ സി സി ടിവി ക്യാമറ സ്ഥാപിച്ച് പരിശോധനയുടെ സുതാര്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതുകൂടാതെ സ്ഥിരമായി അതിര്‍ത്തി റോഡുകളില്‍ വാഹന പരിശോധന ശക്തിപ്പെടുത്തുന്നതിന് KEMU (Kerala Excise Mobile Intervention Unit) ഉടന്‍ തന്നെ ആരംഭിക്കും.

എക്‌സൈസ് മോഡണൈസേഷന്‍

1. എക്‌സൈസ് വകുപ്പില്‍ ഡിജിറ്റല്‍ വയര്‍ലസ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍

2. കാലപ്പഴക്കമേറിയ വാഹനങ്ങള്‍ കണ്ടം ചെയ്ത് 37 പുതിയ വാഹനങ്ങള്‍ അനുവദിച്ചു.

3. എക്‌സൈസ് വകുപ്പില്‍ 83 പുതിയ 9mm ഓട്ടോ പിസ്റ്റളുകള്‍ വാങ്ങിച്ചു.
4. മൂന്ന് സോണുകളിലായി ആധുനിക ചോദ്യം ചെയ്യല്‍ മുറികള്‍ സ്ഥാപിച്ചു
5. സൈബര്‍ സെല്‍ നവീകരിച്ചു. കേസ് അന്വേഷണം ഫലപ്രദമാക്കുന്നതിന് ഇത് സഹായിക്കുന്നു.
6. മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനുതകുന്ന പുതിയതരം ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ വിതരണം ചെയ്തു.

രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടി

· മയക്കുമരുന്ന് ഉപയോഗിക്കുകയും വിപണനം ചെയ്യുകയും അതിന്റെ ഭാഗമായി കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്നത് ആരായാലും, ഏതു സംഘടനയിലെ നേതാവായാലും, ഏതു രാഷ്ട്രീയ കക്ഷിയില്‍പ്പെട്ടവരായാലും അതിശക്തമായി അപലപിക്കാനും അവരെ തള്ളിപ്പറയാനും നമ്മള്‍ തയ്യാറാകണം.അത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും സന്നദ്ധമാകണമെന്ന് മന്ത്രി പറഞ്ഞു. അവര്‍ ഏതെങ്കിലും ഒരു കക്ഷിയില്‍പ്പെട്ട ആളാണെങ്കില്‍ അത്തരം അക്രമങ്ങളെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും മറച്ചുവയ്ക്കാനോ, എതിര്‍കക്ഷിയില്‍ പെട്ടവരാണെങ്കില്‍ മാത്രം എതിര്‍ക്കാനോ ശ്രമിക്കുന്നത് വിലകുറഞ്ഞ ഏര്‍പ്പാടാണ്.

· മയക്കു മരുന്ന് വ്യാപനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ കൃത്യമായ രാഷ്ട്രീയമുണ്ട്. അതുപക്ഷെ ഇവിടെ ഉന്നയിച്ചതുപോലെയുള്ള കക്ഷിരാഷ്ട്രീയമല്ല. ഉദാരവത്ക്കരണ കാലത്തെ ആഗോള രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. നവലിബറല്‍ നയങ്ങളോടുകൂടി ലോകമാകെ യുവജനതയ്ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന അരാഷ്ട്രീയ – അരാജക നയങ്ങളുടെ പ്രതിഫലനമാണ് മയക്കുമരുന്ന് വ്യാപനത്തിനു പിന്നിലുള്ള രാഷ്ട്രീയം.

യുവജനങ്ങളിലെ ക്രിയാത്മകതയും സര്‍ഗ്ഗാത്മകതയും പ്രവര്‍ത്തനശേഷിയും ഊര്‍ജ്ജവും പുരോഗമന ചിന്തയും എല്ലാം നശിപ്പിച്ച് അവരെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നകറ്റി അരാജകത്വത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന ആസൂത്രിതമായ രാഷ്ട്രീയം മയക്കുമരുന്ന് മാഫിയകളുടെ പിന്നിലുണ്ടെന്ന് നാം തിരിച്ചറിയണം. മയക്കുമരുന്നിലൂടെ പടരുന്നത് ലഹരി മാത്രമല്ല സര്‍ഗ്ഗാത്മകതയുടെയും സക്രിയതയുടെയും തകര്‍ച്ച കൂടിയാണ്. ഇത് നമ്മള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കേരളത്തിലെ യുവജനതയും അരാഷ്ട്രീയ അരാജകത്വ സ്ഥിതിയിലേക്ക് ഒഴുകിപ്പോകും.

· ഇതു കൃത്യമായി മനസ്സിലാക്കിയാണ് യുവജനങ്ങളെ ശരിയായ രാഷ്ട്രീയ മാര്‍ഗ്ഗത്തിലൂടെ നയിക്കാന്‍ വേണ്ടി, മയക്കുമരുന്നിനെതിരായ വിപുലമായ പ്രചരണ പ്രവര്‍ത്തനം എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതാണ് അതിന്റെ രാഷ്ട്രീയം. ഇത് യു ഡി എഫ് എല്‍ ഡി എഫ് വിഷയമല്ല നമ്മുടെ നാടിനെ രക്ഷിക്കാനുള്ള വിവിധമായ ക്യാമ്പയിനാണ്.

കേരളവും മയക്കുമരുന്ന് ഉപയോഗവും

കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമം ശരിയല്ല. സംസ്ഥാനത്ത് മയക്കു മരുന്നിന്റെ ദുരുപയോഗം കൂടിയിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ നമ്മുടെ സംസ്ഥാനത്ത് ലഹരിവ്യാപനം അത്രകണ്ട് വര്‍ദ്ധിച്ചിട്ടില്ല.

എങ്കിലും മയക്കുമരുന്ന് ഉണ്ടാക്കുന്ന അപകടത്തിന്റെ ഗൗരവം നാം ഒട്ടും കുറച്ചു കാണുന്നില്ല. നമ്മുടെ യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ചെടുക്കേണ്ടതുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയും തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഇതിന്റെ കണക്കുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളാണ് നേരത്തെ മറുപടി പ്രസംഗത്തില്‍ വിശദീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി

Related posts

ക്ലിഫ് ഹൗസിന്‍റെ സുരക്ഷ വർധിപ്പിക്കും

Aswathi Kottiyoor

എന്ത് ലഹരി അടിച്ചാലും നിങ്ങളെ കുടുക്കും; ലഹരി ഉ​പ​യോ​ഗി​ച്ച​ശേ​ഷം വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ ആ​ല്‍​ക്കോ സ്‌​കാ​ന്‍ വാ​നുമായി പോലീസ്.*

Aswathi Kottiyoor

ദക്ഷിണേന്ത്യയ്ക്ക് ഭീഷണിയായി വീണ്ടും ന്യൂനമർദ്ദം; കേരളത്തിലും മഴ

Aswathi Kottiyoor
WordPress Image Lightbox