മട്ടന്നൂർ-മണ്ണൂർ-ഇരിക്കൂർ റോഡ് നവീകരണത്തിന് കിഫ്ബിയിൽനിന്ന് 20. 23 കോടി രൂപയുടെ സാങ്കേതികാനുമതിയായി. ടെൻഡർ നടപടികൾ പൂർത്തിയാകുന്നതോടെ പ്രവൃത്തി തുടങ്ങാൻ കഴിയും. മട്ടന്നൂർ, മരുതായി പ്രദേശങ്ങളിലെ ജനങ്ങളുടെ ഏറെക്കാലത്തെ യാത്രാദുരിതത്തിനാണ് റോഡ് പുതുക്കിപ്പണിയുന്നതോടെ പരിഹാരമാകുക.
2019-ൽ കിഫ്ബിയിൽനിന്ന് 24 കോടി രൂപ അനുവദിച്ച് പ്രവൃത്തി തുടങ്ങിയിരുന്നു. എന്നാൽ മഴക്കാലത്ത് നായിക്കാലി പാലത്തിന് സമീപം റോഡ് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നു. പുഴയുടെ ഓരങ്ങൾ കെട്ടി സംരക്ഷിച്ച് മാത്രമേ പ്രവൃത്തി തുടരാൻ കഴിയൂ എന്ന സ്ഥിതി വന്നതോടെ പ്രവൃത്തി പൂർത്തികരിക്കാൻ നിലവിൽ അനുവദിച്ച തുക തികയാതെ വരികയും നിർമാണപ്രവൃത്തി പ്രതിസന്ധിയിലാവുകയും ചെയ്തു. നിലവിൽ പ്രവൃത്തി നടന്നുകെണ്ടിരിക്കുന്ന പദ്ധതിക്ക് വീണ്ടും തുക അനുവദിക്കുന്നതിൽ കിഫ്ബിയിൽ നിലനിന്ന സാങ്കേതികപ്രശ്‌നങ്ങൾ പ്രവൃത്തി അനിശ്ചിതത്വത്തിലാക്കി.
തുടർന്ന് കെ. കെ. ശൈലജ എം. എൽ. എ. പ്രശ്നം പൊതുമരാമത്തുമന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും മന്ത്രി സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. എം. എൽ. എ. നടത്തിയ നിരന്തരമായ ഇടപെടലിനെ തുടർന്ന് പ്രവൃത്തി പുനഃപരിശോധിക്കാൻ കിഫ്ബി തയ്യാറാവുകയായിരുന്നു.