കോട്ടയം: പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ അർധരാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞ അതിഥിത്തൊഴിലാളിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവയെ (39) കുടമാളൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തുടർന്ന് ആംബുലൻസ് വിളിച്ചുവരുത്തി ഇയാളെ മെഡിക്കൽ കോളജിലേക്കു മാറ്റി.പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി കടന്നുകളഞ്ഞതിനു പിന്നാലെ ജില്ലയിൽ ജാഗ്രതനിർദേശം നൽകിയിരുന്നു. തുടർന്ന് പൊലീസ് വ്യാപക തിരച്ചിലും ആരംഭിച്ചു. രാത്രി 12.30നായിരുന്നു സംഭവം.
നായയുടെ കടിയേറ്റതിനു പിന്നാലെ ജീവൻ ബറുവ ആദ്യം ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടർന്നു വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തി. തുടർന്നുള്ള പരിശോധനയിലാണു പേ വിഷബാധ സ്ഥിരീകരിച്ചത്.
സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും യുവാവ് അവിടെനിന്ന് ഇറങ്ങിയോടി. ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതോടെയാണു ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയത്. യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്ന് പൊലീസ് അറിയിച്ചു.